അ​ഞ്ച് ​ല​ക്ഷം​ ​കോടി ഡോ​ള​ർ ​വി​പ​ണി​ ​മൂ​ല്യവുമായി ഇന്ത്യ

Wednesday 22 May 2024 12:26 AM IST

ചരിത്രം കുറിച്ച് ബി. എസ്. ഇ ലിസ്റ്റഡ് കമ്പനികൾ

കൊച്ചി: ചരിത്രത്തിലാദ്യമായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ(ബി.എസ്.ഇ) ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണി മൂല്യം അഞ്ച് ലക്ഷം കോടി ഡോളർ കവിഞ്ഞു. നടപ്പുവർഷം അഞ്ച് മാസത്തിനിടെ കമ്പനികളുടെ വിപണി മൂല്യത്തിൽ 63,300 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. അതേസമയം ബി. എസ്. ഇ സൂചികയായ സെൻസെക്സ് റെക്കാഡ് ഉയരത്തേക്കാൾ 1.66 ശതമാനം താഴെയാണ് വ്യാപാരം നടത്തുന്നത്. ചെറുകിട, ഇടത്തരം കമ്പനികളുടെ വിലയിലുണ്ടായ കുതിപ്പാണ് വിപണി മൂല്യം റെക്കാഡ് ഉയരത്തിലേക്ക് നീങ്ങാൻ സഹായിച്ചത്.

കഴിഞ്ഞ വർഷം നവംബറിലാണ് കമ്പനികളുടെ വിപണി മൂല്യം നാല് ലക്ഷം കോടി ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടത്. ആറ് മാസത്തിനുള്ളിൽ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളർ വർദ്ധിച്ചു. 2007 മേയിലാണ് ബി.എസ്.ഇയിലെ കമ്പനികളുടെ വിപണി മൂല്യം ആദ്യമായി ഒരു ലക്ഷം കോടി ഡോളറിലെത്തിയത്. പത്ത് വർഷത്തിനുശേഷം 2017ജൂലായിൽ മൂല്യം രണ്ട് ലക്ഷം കോടി ഡോളർ തൊട്ടു. 2021 മേയിൽ മൂല്യം മൂന്ന് ലക്ഷം കോടി ഡോളറായി.

ആഗോള തലത്തിൽ അഞ്ചാം സ്ഥാനത്ത്

യു.എസ്.എ, ചൈന, ജപ്പാൻ, ഹോങ്കോംഗ് എന്നിവയ്ക്ക് ശേഷം അഞ്ച് ലക്ഷം കോടി ഡോളർ ക്ളബിലെത്തുന്ന അഞ്ചാമത്തെ സ്റ്റോക്ക് എക്സ്ചേഞ്ചായി ബി.എസ്.ഇ മാറി. യു.എസിലെ കമ്പനികളുടെ മൊത്തം വിപണി മൂല്യം 55.66 ലക്ഷം കോടി ഡോളറാണ്. നടപ്പുവർഷം യു.എസ് കമ്പനികളുടെ മൂല്യത്തിൽ പത്ത് ശതമാനവും ഇന്ത്യൻ കമ്പനികളുടെ മൂല്യത്തിൽ 12 ശതമാനവും വർദ്ധനയുണ്ടായി. അതേസമയം ചൈനയിലെ കമ്പനികളുടെ വിപണി മൂല്യം ഈ വർഷം 1.4 ശതമാനം ഇടിഞ്ഞു.

രാജ്യം വിപണിമൂല്യം

യു.എസ് 55.66 ലക്ഷം കോടി ഡോളർ

ചൈന 9.4 ലക്ഷം കോടി ഡോളർ

ജപ്പാൻ 6.42 ലക്ഷം കോടി ഡോളർ

ഹോങ്കോംഗ് 5.4 ലക്ഷം കോടി ഡോളർ

ഇന്ത്യ 5 ലക്ഷം കോടി ഡോളർ

നടപ്പുവർഷം മുൻനിര കമ്പനികൾ കാര്യമായ നേട്ടമുണ്ടാക്കിയില്ലെങ്കിലും ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിൽ വൻകുതിപ്പാണുണ്ടാകുന്നത്. ഇതാണ് ചരിത്ര നേട്ടത്തിന് അവസരമൊരുക്കിയത്.

ദീപക് ജസാനി

അനലിസ്റ്റ്

എച്ച്.ഡി.എഫ്.സി ബാങ്ക്

Advertisement
Advertisement