കെ.ടി.എം രജിസ്ട്രേഷനിൽ മികച്ച പ്രതികരണം

Wednesday 22 May 2024 12:30 AM IST

ഇത്തവണ എത്തുന്നത് 72 രാജ്യങ്ങളിലെ പ്രതിനിധികൾ

കൊച്ചി: ട്രാവൽ ആൻഡ് ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന്റെ 12ാം പതിപ്പിൽ 72 വിദേശരാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും.. സെപ്തംബർ 26 മുതൽ 29 വരെ കൊച്ചി വില്ലിംഗ്ഡൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്ററിൽ നടക്കുന്ന മേളയിൽ 592 വിദേശ പ്രതിനിധികൾ പങ്കെടുക്കും. ഇത്തവണ പുതുതായി 27 രാജ്യങ്ങളിലെ പ്രതിനിധികളുണ്ടാകും.

ടൂറിസം മേഖലയിലെ മികച്ച വളർച്ചയാണ് വിദേശ പ്രതിനിധികളുടെ വർദ്ധനയെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. കേരളം വിദേശത്ത് നടത്തിയ മികച്ച വിപണന തന്ത്രത്തിന്റെ ഫലമാണിത്. ജൂലായ് 31 വരെ ഓൺലൈൻ രജിസ്‌ട്രേഷനുള്ളതിനാൽ വിദേശ പ്രതിനിധികളുടെ എണ്ണം കൂടുമെന്ന് കെ.ടി.എം സെക്രട്ടറി എസ്. സ്വാമിനാഥൻ പറഞ്ഞു.

52 പ്രതിനിധികളുമായി യു.കെയിൽ നിന്നാണ് മികച്ച പങ്കാളിത്തം. യു.എസ്.എ (45), മലേഷ്യ(30) എന്നിവയും മുന്നിലുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1,533 പ്രതിനിധികൾ പങ്കെടുക്കും. മാർട്ടിലെ സ്റ്റാളുകൾക്കായി 364 പേരാണ് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

2000ൽ സ്ഥാപിതമായ കെ.ടി.എം സൊസൈറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവൽ, ടൂറിസം മേളയായ കേരള ട്രാവൽ മാർട്ട് നടത്തുന്നത്.

Advertisement
Advertisement