കേന്ദ്രം ഞെരുക്കിയിട്ടും,​ വരുമാനം റെക്കാഡിട്ട് 77,000 കോടി: ധനമന്ത്രി

Wednesday 22 May 2024 4:48 AM IST

തിരുവനന്തപുരം: കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിട്ടും സംസ്ഥാനം 77,000 കോടിയുടെ വരുമാനം നേടിയെന്നും ഇത് സർവ്വകാല റെക്കാഡാണെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വർഷാരംഭത്തിന് ഇറക്കിയ കുറിപ്പിലാണ് ഇക്കാര്യം.

സർക്കാരിന്റെ മൂന്നാം വർഷത്തിൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാക്കി. 2020–21ൽ തനത് നികുതി വരുമാനം 47,000കോടിയായിരുന്നു. 2023–24ൽ ഇത് 77,000കോടിയായി ഉയർത്തി. മുന്നു വർഷത്തിനുള്ളിലാണ് 60 ശതമാനത്തോളം വർദ്ധന. ഇത് സംഭവിച്ചില്ലായിരുന്നെങ്കിൽ, കേന്ദ്രസർക്കാരിന്റെ സംസ്ഥാന വിരുദ്ധ നയങ്ങൾ മൂലം കേരളം സാമ്പത്തിക തകർച്ചയിൽ എത്തുമായിരുന്നു.

കഴിഞ്ഞ മൂന്ന് ബജറ്റുകളിൽ കേരളത്തിന്റെ ഭാവിക്ക് നിർണായകമായ പല പദ്ധതികളും ആവിഷ്‌കരിക്കാനും ചിലതെല്ലാം യാഥാർത്ഥ്യമാക്കാനും സാധിച്ചു. ഉൽപാദനവും വരുമാനവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാവുകയാണ്.

ധനമന്ത്രി എന്ന നിലയിൽ അഭിമാനത്തോടെയാണ് മൂന്നു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്. ഇക്കാലത്ത് ധനവകുപ്പിന് അസാധാരണമായ വെല്ലുവിളികളായിരുന്നു. സംസ്ഥാനത്തിന് അർഹമായ അവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ച് ഈലവിഷയം രാജ്യത്തിന്റെയാകെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞു. കേരളം ഉന്നയിച്ച പ്രശ്നങ്ങൾ ന്യായമാണെന്ന് രാജ്യത്തെ പ്രധാന മാധ്യമങ്ങളും ദേശീയ രാഷ്ട്രീയ നേതാക്കളും പറഞ്ഞു. മറ്റു ചില സംസ്ഥാനങ്ങളും കേരളത്തിന്റെ പാതപിന്തുടർന്ന് സുപ്രീംകോടതിയിൽ കേസ് നൽകി. ഫെഡറലിസവുമായി ബന്ധപ്പെട്ട സുപ്രധാനമായ പ്രശ്നമായി ഇത് മാറിയെന്നും ബാലഗോപാൽ പറഞ്ഞു.

Advertisement
Advertisement