ഇ.പി.ജയരാജൻ വധശ്രമക്കേസ്: കെ.സുധാകരൻ കുറ്റവിമുക്തൻ, ഒരേ കേസിൽ 2 എഫ്.ഐ.ആർ നിയമപരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: സി.പി.എം നേതാവ് ഇ.പി.ജയരാജനെ 1995ൽ ട്രെയിനിൽ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ആന്ധ്രയിലെ കേസിൽ തിരുവനന്തപുരത്ത് മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് നിയമപരമല്ലെന്ന് സുധാകരൻ സമർപ്പിച്ച വിടുതൽ ഹർജിയിൽ ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാൻ വിലയിരുത്തി.
27 വർഷംമുമ്പ് തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിൽ സുധാകരൻ ഒന്നാംപ്രതിയായിരുന്നു. മൂന്നാംപ്രതി തലശേരി സ്വദേശി രാജീവനെയും കുറ്റമുക്തനാക്കി.
വിടുതൽ ഹർജി തിരുവനന്തപുരം അഡി.സെഷൻസ് കോടതി 2016 ജൂൺ ആറിന് തള്ളിയതിനെ തുടർന്നാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. ആന്ധ്രയിലെയും കേരളത്തിലെയും കേസുകളിൽ ആരോപണങ്ങൾ ഒന്നുതന്നെയാണ്. ഒരേ വ്യക്തികൾ തന്നെയാണ് പ്രതിസ്ഥാനത്ത്. തമ്പാനൂർ പൊലീസ് അന്വേഷിച്ചത് പുതിയൊരു കുറ്റകൃത്യമായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.
രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ജയരാജനെ വധിക്കാൻ സുധാകരനും മറ്റുപ്രതികളും തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ഗൂഢാലോചന നടത്തിയെന്നും റിവോൾവറുകൾ നൽകി അക്രമികളെ അയച്ചതാണെന്നും ചൂണ്ടിക്കാട്ടി ആന്ധ്രയിലെ ചിരാല റെയിൽവേ പൊലീസാണ് ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് ഓങ്കോളിലെ വിചാരണക്കോടതി വിധിച്ചു. ജയരാജനെ വധിക്കാൻ ശ്രമിച്ച പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കി.
ആന്ധ്രയിലെ അന്വേഷണം നീതിപൂർവകമല്ലെന്നും ഗൂഢാലോചന നടന്നത് തിരുവനന്തപുരത്തായതിനാൽ പുതിയ കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടി അതിനിടെ ജയരാജൻ തിരുവനന്തപുരം കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തു. തുടർന്നാണ് 1997ൽ തമ്പാനൂർ പൊലീസ് മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സുധാകരൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഗൂഢാലോചന പ്രത്യേകം അന്വേഷിക്കേണ്ടതാണെന്ന ജയരാജന്റെ വാദത്തിൽ കഴമ്പില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
(വധശ്രമം പാർട്ടി കോൺഗ്രസ് കഴിഞ്ഞുവരവേ-പേജ്- 7)