മരണം നാലായി: മലപ്പുറം വരെ മൂന്നു ദിവസം അതിതീവ്ര മഴ, ചുമരിടിഞ്ഞ് വീട്ടമ്മയും കുളത്തിൽ വീണ് 4 വയസുകാരനും മരിച്ചു

Wednesday 22 May 2024 4:14 AM IST

തിരുവനന്തപുരം: അടുത്ത മൂന്നു ദിവസംകൂടി തിരുവനന്തപുരം മുതൽ മലപ്പുറംവരെ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. തെക്കൻ തമിഴ്നാടിനു മുകളിലായി ചക്രവാതച്ചുഴിയും വടക്കൻ കർണാടകവരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതിന്റെ ഫലമായാണിത്. വെള്ളിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. ഇതോടെ 31ന് എത്തുന്ന കാലവർഷംവരെ വേനൽമഴ തുടരാനാണ് സാദ്ധ്യത.

ശക്തമായ മഴയിൽ ഇന്നലെ തിരുവനന്തപുരം പോത്തൻകോട്ട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മയും ഇടുക്കിയിൽ കുളത്തിൽ വീണ് നാലുവയസുകാരനും മരിച്ചു. പത്തനംതിട്ട പള്ളിക്കലാറ്റിൽ കഴിഞ്ഞ ദിവസം മീൻപിടിക്കാൻ പോയി കാണാതായ പെരിങ്ങത്ത് സ്വദേശി ഗോവിന്ദന്റെ (63) മൃതദേഹം ഇന്നലെ കണ്ടെത്തി. കഴിഞ്ഞ ദിവസം കോഴിക്കോട്ട് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചിരുന്നു. ഇതോടെ മഴയിൽ മരണം നാലായി. തിങ്കളാഴ് ച മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബീഹാർ സ്വദേശി നരേഷിനെ (25) കണ്ടെത്താനായില്ല.

ഇടത്തറ ചുമടുതാങ്ങിവിള ഭാഗ്യോദയം വീട്ടിൽ വിജയകുമാരൻ നായരുടെ ഭാര്യ ശ്രീകലയാണ് (61) മഴയിൽ കുതിർന്നിരുന്ന ചുമരിടിഞ്ഞുവീണ് മരിച്ചത്. മഴയത്ത് വെള്ളം നിറഞ്ഞുകിടന്ന സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വീണ് മുണ്ടാട്ടുചുണ്ട വൈഷ്ണവിന്റെയും ഷാലുവിന്റെയും നാലുവയസുള്ള മകൻ ധീരവാണ് മരിച്ചത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശമുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു.

മുന്നറിയിപ്പ്

റെഡ് അലർട്ട്

ഇന്ന്: പത്തനംതിട്ട,ഇടുക്കി

നാളെ: ഇടുക്കി,പാലക്കാട്

ഓറഞ്ച് അലർട്ട്

ഇന്ന്: തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം

നാളെ: എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട്

വെള്ളിയാഴ്ച: ഇടുക്കി,പാലക്കാട്

യെല്ലോ അലർട്ട്

ഇന്ന്: കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട്

നാളെ: തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,കണ്ണൂർ,കാസർകോട് വെള്ളിയാഴ്ച:തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂർ,മലപ്പുറം

Advertisement
Advertisement