കുടിമാറ്റാൻ ഭാര്യ ജിമ്മിലെത്തിച്ചു; ശിവകുമാർ ഇന്ന് മിസ്റ്റർ കേരള

Wednesday 22 May 2024 4:21 AM IST

ചോറ്റാനിക്കര: കുടിയോടു കുടി. ദിവസം ഒരു ഫുൾ അകത്താക്കും. കൂലിപ്പണിക്കാശ് മുഴുവൻ തീർത്ത് വീട്ടിലെത്തും. സഹികെട്ട അപർണ ഭർത്താവ് ശിവകുമാറിനെ കൊണ്ടുചെന്നാക്കിയത് ഡി അഡിക്ഷൻ സെന്ററിലല്ല, പകരം ജിമ്മിൽ. സംഗതി വിജയം. കുടിനിറുത്തിയ പ്രിയതമൻ മിസ്റ്റർ കേരളയായി.

ചോറ്റാനിക്കര അമ്പാടിമല കുരിശുംപാട്ട് വീട്ടിൽ പൊന്നപ്പന്റെയും ജയലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ് ശിവകുമാർ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ പെയിന്റിംഗ് പണിക്കും പോകും. കിട്ടുന്ന പണം സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച് തീർക്കും.

അതിനിടെയാണ് അയൽവാസിയായ അപർണയുമായി പ്രണയത്തിലായത്. 2007ൽ വിവാഹം. പക്ഷേ, കുടി മാത്രാം നിറുത്തിയില്ല. കൂടിയതേയുള്ളു.

ഉപദേശിച്ചും കരഞ്ഞും മടുത്തപ്പോഴാണ് അപർണയ്ക്ക് ജിം എന്ന ബുദ്ധിയുദിച്ചത്. 2013 ജൂണിൽ എരുവേലിയിലെ ജിമ്മിൽ നിർബന്ധിച്ച് എത്തിച്ചു. പക്ഷേ, അധികനാൾ നീണ്ടില്ല. മദ്യപിച്ച് എത്തിയതിന് ഇറക്കിവിട്ടു. വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത അപർണ ഉദയംപേരൂരിലുള്ള ജോബി ആശാന്റെ അടുത്തെത്തിച്ചു. കെട്ടുതാലി പണയംവച്ച് 50,000 രൂപയുമടച്ചു.

ആശാനൊപ്പം കഠിന പരിശീലനം. ആശാൻ നിർദ്ദേശിക്കുന്ന ഭക്ഷണം.

പെയിന്റിംഗ് പണിക്ക് ശേഷം വൈകിട്ട് അഞ്ചരയ്ക്ക് ജിമ്മിൽ എത്തും. രാത്രി ഒമ്പതരയ്ക്കേ വീട്ടിൽ വിടൂ.

അപർണ ഹരിതകർമ്മ സേനാംഗമാണ്. അമ്പാടിമല ജോർജിയൻ അക്കാഡമി വിദ്യാർത്ഥികളായ

ആഷിക്കും ആകാശമാണ് മക്കൾ.

ലക്ഷ്യം മിസ്റ്റർ ഇന്ത്യ

2023 ജനുവരിയിൽ മിസ്റ്റർ എറണാകുളം. ആ മാസം വയനാട് നടന്ന മിസ്റ്റർ കേരള മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒന്നാമൻ. കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിൽ മിസ്റ്റർ കേരള സീനിയേഴ്സ് ചാമ്പ്യൻ. ജൂലായിലെ മിസ്റ്റർ ഇന്ത്യ മത്സരത്തിനുള്ള കഠിന പരിശീലനത്തിലാണിപ്പോൾ.

ഭക്ഷണക്രമം

10 മുട്ടയുടെ വെള്ള, രണ്ട് ചപ്പാത്തി, വാഴപ്പിണ്ടി പുഴുങ്ങിയത്, 100 ഗ്രാം ചിക്കൻ മൂന്നു നേരം. രാത്രി 11ന് ഉറങ്ങുംമുമ്പ് രണ്ട് ആപ്പിൾ, രണ്ട് കുക്കുമ്പർ.

കുടുംബം തകരാതെ കൈപിടിച്ച അപർണയാണെന്റെ ഊർജ്ജം. എന്റെ കഥ ആർക്കെങ്കിലും പ്രചോദനമായാൽ സന്തോഷം

-ശിവകുമാർ

Advertisement
Advertisement