സഭാനാഥന് വിട; ശോകമൂകം സെന്റ് തോമസ് നഗർ

Wednesday 22 May 2024 12:27 AM IST

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മാർ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിടചൊല്ലിയതോടെ സഭാ ആസ്ഥാനമായ സെന്റ് തോമസ് നഗർ ശോകമൂകമായി. സഭാ ആസ്ഥാനത്തെ കൺവെൻഷൻ സെന്ററിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ഇന്നലെ രാവിലെ 9.30 ഒാടെ പ്രാരംഭ പ്രാർത്ഥനകൾക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിലേയ്ക്ക് വിലാപയാത്രയായി​ കൊണ്ടുപോയി​. വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും നടന്നുനീങ്ങിയതിന് പിന്നിലായി സ്വർണ്ണക്കുരിശേന്തി​യ വൈദികനും കത്തിച്ച മെഴുകുതിരികളുമായി പുരോഹിതരും നടന്നു. ഏറ്റവും പിന്നിലായിരുന്നു മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പേറിയ ആംബുലൻസ്. കത്തീഡ്രൽ പള്ളിയിലെ കബറടക്ക ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം കബറിങ്കലേക്ക് എടുത്തു. ഈ സമയത്തും ദേവാലയം വാത്സല്യ പിതാവിന്റെ വേർപാടിൽ സങ്കടപ്പെടുകയും വിലാപകീർത്തനങ്ങൾ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. തുടർന്ന് ഭൗതീകശരീരത്തിൽ സൈത്തെണ്ണ കുരിശാകൃതിയിൽ മുഖത്തും നെഞ്ചത്തും കാൽമുട്ടുകളിലും മൂന്നുപ്രാവശ്യം ഒഴിച്ചു. അനന്തരം മണ്ണായ മനുഷ്യൻ മണ്ണിലേയ്ക്കു ചേർക്കപ്പെടുന്ന തിരുവെഴുത്തിന്റെ പൂർത്തീകരണമായി കുരിശാകൃതിയിൽ മണ്ണിട്ടു. തുടർന്ന് വിശ്വാസസമൂഹം ഒന്നാകെ കല്ലറയിൽ കുന്തിരിക്കം അർപ്പിച്ചു. കല്ലറ ഒരുക്കാൻ ആയിരം കിലോ കുന്തിരിക്കം വേണ്ടിവന്നു.

അമേരിക്കയിലെ ഡാലസിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഈമാസം എട്ടിന് കാലംചെയ്ത മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് നാട്ടിലെത്തിച്ചത്. മൂന്ന് ദിവസമായി സമൂഹത്തിന്റെ നാനാതുറകളിലുള്ള പതിനായിരങ്ങളാണ് ശ്രേഷ്ഠാചാര്യന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇന്നലെ രാവിലെ വരെ നടന്ന പൊതുദർശനത്തിൽ മന്ത്രി വീണാ ജോർജ്, ഡോ.ടി.എം.തോമസ് ഐസക്, കൊളംബോ എം.പിയും അറ്റോർണിയുമായ പ്രേമനാഥ് സി ദോലവത്ത, മുൻ ആരോഗ്യ സഹമന്തി ഗെയ്ഷൻ നവനന്ദ, പ്രസിഡന്റസ് കോർഡിനേറ്റിംഗ് സെക്രട്ടറി പാതും പതിറാണ, മന്ത്രി റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എം.പി, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ എം.എൽ.എ, എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ, കൗൺസിലർമാരായ അനിൽ ചക്രപാണി, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി സജി അലക്സ്‌, ജില്ല വൈസ് പ്രസിഡന്റ്‌ സോമൻ താമരച്ചാൽ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

Advertisement
Advertisement