മഴയെത്തും മുമ്പേ ജില്ലയിൽ വെള്ളക്കെട്ടും കെടുതിയും

Wednesday 22 May 2024 12:52 AM IST

കൊല്ലം: വേനൽ മഴ കനത്തതോടെ ദുരിതത്തിലായി ജനങ്ങൾ. മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ ജില്ലയിൽ 12 വീടുകൾ തകർന്നു. ഇന്നലെ ജില്ലയിൽ മിക്കയിടത്തും ഒറ്റപ്പെട്ട മഴ ലഭിച്ചു.

കൊല്ലം നഗരത്തിലാണ് കൂടുതൽ മഴ ലഭിച്ചത്. 61 മില്ലി മീറ്റർ. പുനലൂർ 34 മില്ലി മീറ്ററും ആര്യങ്കാവിൽ 25മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. ഇന്നലെ പെയ്ത മഴയിൽ കൊല്ലത്തും പത്തനാപുരത്തുമായി നാലു വീടുകൾ തകർന്നു. സി.എസ്.ഐ കൺവെൻഷൻ സെന്ററിന് എതിർവശം പ്രവർത്തിച്ചിരുന്ന കൈരളി ഹോട്ടലിലേക്ക് തൊട്ടടുത്ത കടയുടെ പിന്നിലെ ഭിത്തി തകർന്നുവീണു. കഴിഞ്ഞദിവസം കൊട്ടാരക്കരയിലും കൊല്ലത്തുമായി എട്ട് വീടുകൾ ഭാഗികമായി തകർന്നിരുന്നു. കൊട്ടാരക്കര, കല്ലുവാതുക്കൽ, ചെറിയേല, തൃക്കോവിൽവട്ടം, പെരിനാട് മീനാട്, പള്ളിത്തോട്ടം, ശക്തികുളങ്ങര എന്നിവിടങ്ങളിലുമാണ് വീടുകൾ ഭാഗികമായി തകർന്നത്.

പള്ളിത്തോട്ടം, കർബല- റെയിൽവേ സ്‌റ്റേഷൻ റോഡ്, ശാരദാമഠത്തിലേക്കുള്ള റോഡ്, ഫാത്തിമ കോളേജ് റോഡ്, ശാന്തി നഗർ റോഡ്, ആശ്രാമം മൈതാനത്തിന് മുന്നിലെ ബസ് സ്‌റ്റോപ്പ്, എ.ആർ ക്യാമ്പിന് മുന്നിലെ ബസ് സ്‌റ്റോപ്പ്, ഡി.സി.സി ഓഫീസിന് മുന്നിലെ റോഡ് എന്നിവിടങ്ങൾ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഓടകളിലെ വെള്ളം ഒഴുകിമാറാത്തതാണ് വെള്ളക്കെട്ടിന് കാരണം.

ശക്തമായ കാറ്റിന് സാദ്ധ്യത

ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

 അപകട സാദ്ധ്യത മേഖലയിൽ താമസിക്കുന്നവർ മാറി താമസിക്കണം

 വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം

 മരങ്ങൾക്ക് താഴെ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്

കുട്ടികളെ പുഴയിലോ തോടുകളിലോ ഇറങ്ങാൻ അനുവദിക്കരുത്

 ജലാശയങ്ങൾക്ക് ചുറ്റും താമസിക്കുന്നവർ ജാഗ്രത പാലിക്കണം

വീട് തകർന്നു, രക്ഷപെടൽ അത്ഭുതകരം

വീടിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ നിന്ന് കടപ്പാക്കട ഇടയിലഴികം പുരയിടത്തിൽ വിജീഷ്‌കുമാർ (33) അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ വീട് പൂർണമായും തകർന്നു. അപകട സമയം വിജീഷ്‌കുമാർ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
ഉറങ്ങുകയായിരുന്ന വിജീഷ് കുമാറിന്റെ മുകളിലേക്ക് ഓടുകൾ പതിച്ചു. മേൽക്കൂര പൂർണമായും നിലംപൊത്തി. ഭിത്തികൾ ഇടിഞ്ഞുവീണു. ശരീരമാസകലം മുറിവേറ്റ വിജീഷ്‌കുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വിജീഷിന്റെ അമ്മ ഉമയുടെ കുടുംബവീടാണിത്. ഉമയും ഭർത്താവ് വെങ്കിടേഷും ജോലി സംബന്ധമായി ചെന്നൈയിലാണ്.

Advertisement
Advertisement