കൊല്ലം- തിരുമംഗലം ദേശീയപാത: വികസന മോഹം നൽകി വഞ്ചിച്ച് എൻ.എച്ച്.എ.ഐ

Wednesday 22 May 2024 12:02 AM IST

കൊല്ലം: ചിന്നക്കടയിൽ നിന്ന് ആരംഭിക്കുന്ന കൊല്ലം - തിരുമംഗലം ദേശീയപാതയുടെ വികസനം എൻ.എച്ച്.എ.ഐയും ഉപേക്ഷിക്കുന്നു. എൻ.എച്ച്.എ.ഐയുടെ പരിഗണനയിൽ ഉള്ളതിനാൽ 2022ലെ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വികസന പദ്ധതി ഒരു വർഷം മുമ്പ് ഉപേക്ഷിച്ചിരുന്നു.

പാത പത്തരമീറ്ററിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എൻ.എച്ച്.എ.ഐ നിയോഗിച്ച ഏജൻസി നടത്തിയ പഠനത്തിൽ വലിയഅളവിൽ സ്ഥലമേറ്റെടുപ്പ് വേണ്ടിവരുമെന്ന് കണ്ടെത്തിയിരുന്നു. ഈ ദേശീയപാതയിൽ എത്തിച്ചേരുന്ന കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് കോടികൾ ചെലവിട്ട് വലിയ അളവിൽ സ്ഥലമേറ്റെടുക്കുന്നതിനാൽ കൊല്ലം- തിരുമംഗലം പാത വികസനം ഉപേക്ഷിക്കാനാണ് ഇപ്പോഴത്തെ ധാരണ.

എൻ.എച്ച്.എ.ഐ ഈ പാതയുടെ വികസനത്തെക്കുറിച്ച് ആലോച്ചിച്ചില്ലായിരുന്നെങ്കിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയെങ്കിലും നടപ്പായേനെ. കൊല്ലം- തിരുമംഗലം ദേശീയപാത നാലുവരിയായി വികസിപ്പിക്കാൻ വലിയ അളവിൽ സ്ഥലമേറ്റെടുപ്പും തൊട്ടുചേർന്ന് റെയിൽവേ ലൈൻ അടക്കമുള്ള തടസങ്ങളും ഉള്ളതിനാലാണ് ബദൽ ഹൈവേ എന്ന നിലയിൽ കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയ്ക്കുള്ള നടപടികൾ ദേശീയപാത അതോറിറ്റി ആരംഭിച്ചത്.

അതിന് പിന്നാലെ 2022ലെ ബഡ്ജറ്റിൽ സംസ്ഥാന സ‌ർക്കാർ കൊല്ലം- തിരുമംഗലം ദേശീയപാതയും എം.സി റോഡും നാലുവരിയായി വികസിപ്പിക്കാൻ 1500 കോടിയും പ്രഖ്യാപിച്ചു. കൊല്ലം - തിരുമംഗലം പാത, കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുമായി ചേരുന്ന പുനലൂർ - ഇടമൺ വരെയുള്ള വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഇൻവെസ്റ്റിഗേഷൻ ജോലികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന ചർച്ചകളിലാണ് ഈ പാതയുടെ വികസനം തങ്ങളുടെ പരിഗണനയിലുണ്ടെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചത്. ഇതോടെ സംസ്ഥാന സർക്കാർ തുടർനടപടികൾ ഉപേക്ഷിച്ചു. ഇതോടെ ഇരുപദ്ധതികളിലും ഇടംപിടിക്കാതെ നീളുകയാണ് വികസനം.

കൂടുതൽ സ്ഥലം ഏറ്റെടുക്കണം, പദ്ധതി ഉപേക്ഷിച്ചു

 കാര്യമായ സ്ഥലമേറ്റെടുപ്പില്ലാതെ പത്തര മീറ്ററിൽ കൊല്ലം - തിരുമംഗലം പാത വീതി കൂട്ടാനായിരുന്നു എൻ.എച്ച്.എ.ഐയുടെ ആലോചന

 പഠനത്തിൽ ജംഗ്ഷനുകൾ അടക്കം പല ഭാഗങ്ങളിലും വലിയ അളവിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന് കണ്ടെത്തി

 ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി ഉപേക്ഷിക്കാൻ ധാരണയായി

 പേര് ദേശീയപാതയെന്നാണെങ്കിലും കഷ്ടിച്ച് ഏഴ് മീറ്റർ വീതിയേയുള്ളു

 കല്ലുംതാഴം, കരിക്കോട്, ഇളമ്പള്ളൂർ, ആശുപത്രിമുക്ക്, എഴുകോൺ, കൊട്ടാരക്കര, പുനലൂർ അടക്കമുള്ള എല്ലാ പ്രധാന ജംഗ്ഷനുകളിൽ അപകടങ്ങളും പതിവ്

നിലവിലെ വീതി - 7.5 മീറ്റർ

വികസനം ആലോചിച്ചത് - 10.5 മീറ്റർ

ഗതാഗതക്കുരുക്ക് കാരണം വാഹന യാത്രക്കാർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാനാകുന്നില്ല. അപകടങ്ങളും വർദ്ധിച്ചു.

യാത്രക്കാർ

Advertisement
Advertisement