പു​റ്റി​ങ്ങൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്തം: പ്ര​തി​കൾ കൊ​ല്ലം സെ​ഷൻ​സ് കോ​ട​തി​യിൽ ഹാ​ജ​രാ​ക​ണം

Wednesday 22 May 2024 12:02 AM IST

കൊല്ലം: പരവൂർ പു​റ്റി​ങ്ങൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത കേ​സിലെ പ്രതികൾ 23ന് കൊ​ല്ലം പ്രിൻ​സി​പ്പൽ സെ​ഷൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം. ടി.എം.വർ​ഗീ​സ് സ്​മാ​ര​ക ഓ​ഡി​റ്റോ​റി​യം വളപ്പിലെ പ​ഴ​യ കെ​ട്ടി​ട​ത്തിൽ ഉ​ടൻ പ്ര​വർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന പു​റ്റി​ങ്ങൽ വെ​ടി​ക്കെ​ട്ട് അ​പ​ക​ട സ്‌​പെ​ഷ്യൽ കോ​ട​തി​യി​ലേ​ക്ക് കേ​സ് മാ​റ്റു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാണ് സെ​ഷൻ​സ് കോ​ട​തി​യിൽ പ്ര​തികൾ ഹാജരാകേണ്ടത്.

2016 ഏപ്രിൽ 10ന് പുലർച്ചെയാണ് പുറ്റിങ്ങൽ ദുരന്തം ഉണ്ടായത്. ജില്ലാ ഭരണകൂടത്തിന്റെ നിരോധന ഉത്തരവ് ലംഘിച്ച് മത്സര കമ്പം നടത്തി ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു. വെടിക്കെട്ട് ദുരന്തത്തിൽ 110 പേർ മ​രിച്ചു. 656 പേർക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേറ്റു. ഗു​ണനി​ല​വാ​രം ഇ​ല്ലാ​ത്ത പ​ട​ക്ക​ങ്ങ​ളും അ​മി​ട്ടു​ക​ളും ഉപയോഗിച്ച് കാഴ്ചക്കാരിൽ നിന്ന് നി​ശ്ചി​ത ദൂ​രപ​രി​ധി പാലിക്കാതെയായിരുന്നു ക്ഷേ​ത്ര കോ​മ്പൗ​ണ്ടിലെ മ​ത്സ​ര ക​മ്പം. നി​മി​ഷ​ങ്ങൾ​ക്ക​കം ഒ​രു തൊ​ഴി​ലാ​ളി​യു​ടെ കൈയിലി​രു​ന്ന അ​മി​ട്ടു​പൊ​ട്ടി തീ​പ്പൊ​രി തെ​ക്കേ ക​മ്പ​പ്പു​ര​യിൽ സൂ​ക്ഷി​ച്ചി​രു​ന്ന മു​പ്പ​തി​നാ​യി​രം പ​ട​ക്ക​ങ്ങ​ളി​ലേ​ക്ക് പടർന്ന് ഉ​ഗ്ര സ്‌​ഫോ​ട​നത്തിൽ കലാശിക്കുകയായിരുന്നു.

ക്രൈം ബ്രാ​ഞ്ച് എ​സ്.പി ശ്രീ​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘം അ​ന്വേ​ഷ​ണം ന​ട​ത്തി 59 പ്ര​തി​കൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം നൽ​കി. ഉ​ത്സ​വ ക​മ്മി​റ്റി അംഗങ്ങൾ അ​ട​ക്കം 1 മു​തൽ 44 വ​രെ​യു​ള്ള പ്ര​തി​കൾ​ക്ക് മേൽ സ്‌​ഫോ​ട​ക വ​സ്​തു നി​യ​മം, കൊ​ല​ക്കു​റ്റ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. 1417 സാ​ക്ഷി​ക​ളും 1611 രേ​ഖ​ക​ളും 376 തൊ​ണ്ടി​മു​ത​ലു​ക​ളുമുള്ള കേ​സിൽ 51 പ്ര​തി​കൾ​ക്ക് പ​തി​നാ​യി​രം പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ന്റെ പ​കർ​പ്പ് ഡി​ജി​റ്റ​ലാ​യും പേപ്പർ രൂപത്തിലും നൽ​കി. പു​റ്റി​ങ്ങൽ സ്‌​പെ​ഷ്യൽ കോ​ട​തി​യി​ൽ ക​മ്പ്യൂ​ട്ടർവത്ക​ര​ണ​വും വൈദ്യുതീകരണവും പൂർ​ത്തി​യാ​യാൽ കേ​സ് അവിടേക്ക് മാ​റ്റും. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ്യൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ടർ പാ​രി​പ്പ​ള്ളി ആർ.ര​വീ​ന്ദ്രനാണ് ഹാ​ജ​രാ​കു​ന്ന​ത്‌.

Advertisement
Advertisement