രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമം: ആന്റണി

Wednesday 22 May 2024 12:10 AM IST

തിരുവനന്തപുരം: പാർട്ടി താത്പര്യങ്ങളെക്കാൾ രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളുടെ സമാധാനത്തിനും പ്രാധാന്യം നൽകിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. ഇന്ദിരാഭവനിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം നിലനിറുത്താൻ നിരപരാധികളായ ജനങ്ങളുടെ ജീവൻ നഷ്ടമാകരുതെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ സ്വന്തം പാർട്ടി താത്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടി അവർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യം തകർക്കാനും ജനങ്ങളെ വർഗീയവത്കരിക്കാനും ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.

രാജ്യ പുരോഗതിക്കായി ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുകയും ജനാധിപത്യ സംവിധാനങ്ങളോട് പൂർണ്ണമായും വിധേയപ്പെട്ടും പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് കെ.മുരളീധരൻ. അവശ ദുർബല വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകുകയും പാവപ്പെട്ടവരുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്ത പ്രധാനമന്ത്രിയായിരുന്നു രാജീവെന്ന് കൊടിക്കുന്നിൽ സുരേഷും പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ അദ്ധ്യക്ഷനായി. ഡോ.ജോർജ് ഓണക്കൂർ പ്രഭാഷണം നടത്തി.

Advertisement
Advertisement