മുഖ്യമന്ത്രിയുടെ വിദേശ യാത്ര സ്വന്തം ചെലവിൽ

Wednesday 22 May 2024 2:30 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 12 ദിവസത്തെ വിദേശയാത്ര സ്വന്തം ചെലവിലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യാത്രാ ചെലവ് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. ഇന്തോനേഷ്യ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രി, പത്നി കമല വിജയൻ, ചെറുമകൻ ഇഷാൻ എന്നിവർ യാത്ര നടത്തിയത്. ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥരോ, സുരക്ഷാ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നില്ല. സ്വകാര്യ യാത്ര എന്ന നിലയ്ക്കാണ് കേന്ദ്രത്തിൽ നിന്നുള്ള അനുമതി ലഭിച്ചിരുന്നതെന്ന് പൊതുഭരണ വിഭാഗവും വ്യക്തമാക്കി.

വിദേശരാജ്യത്തെ ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളുടെയോ, വ്യവസായ സ്ഥാപനങ്ങളുടെയോ ക്ഷണം സ്വീകരിച്ചോ, ചർച്ചയ്ക്കോ പോകുന്ന ഘട്ടങ്ങളിലാണ് യാത്രാ ചെലവ് സർക്കാർ വഹിക്കാറുള്ളത്. സമാന സമയത്ത് മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും കെ.ബി.ഗണേശ് കുമാറും നടത്തിയ വിദേശയാത്രകളും സ്വന്തം ചെലവിലായിരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇക്കാര്യങ്ങൾ വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

Advertisement
Advertisement