ഇ.പിയെ വെടിവച്ചത് ട്രെയിൻ യാത്രയ്ക്കിടെ

Wednesday 22 May 2024 1:35 AM IST

കണ്ണൂർ: ജലന്ധറിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് 1995 ഏപ്രിൽ 12ന് രാജധാനി എക്സ്‌‌പ്രസ് ട്രെയിനിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ആന്ധ്രാപ്രദേശിലെ ഓങ്കോളിന് സമീപം ചിരാലയിൽ വച്ചാണ് ഇ.പി.ജയരാജനു നേരേ വധശ്രമം നടന്നത്. വാഷ്‌ ബേസിനിൽ മുഖം കഴുകുന്നതിനിടെ പിന്നിൽ നിന്ന് വെടിവയ്ക്കുകയായിരുന്നു. കഴുത്തിലാണ് വെടിയേറ്റത്. ആ വെടിയുണ്ട ഇപ്പോഴും തന്റെ കഴുത്തിലുണ്ടെന്ന് ഇ.പി ഇടയ്ക്കിടെ പറയാറുണ്ട്.

എം.വി.രാഘവൻ, സി.പി.ജോൺ, കെ.സുധാകരൻ തുടങ്ങിയവരുടെ ഗൂഢാലോചനയിലാണ് പദ്ധതി ആവിഷ്‌കരിച്ചതെന്നായിരുന്നു സി.പി.എം ആരോപണം. സംഭവത്തെ തുടർന്ന് ചെന്നൈയിലേക്ക് പോകാനായി കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയ സുധാകരനെ പൊലീസ് സംഘം വളഞ്ഞു. അറസ്റ്റിന് വഴങ്ങാതിരുന്ന സുധാകരൻ ട്രെയിനിലേക്ക് ഓടിക്കയറി. പിന്നാലെ പൊലീസും. തലശ്ശേരിയിൽ എത്തിയതോടെ സുധാകരനെ ബലംപ്രയോഗിച്ച് പൊലീസ് പുറത്തിറക്കി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. എം.വി.രാഘവൻ
ആന്ധ്രയിലെ കേസിൽ ആദ്യ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.

കേസുമായി ബന്ധപ്പെട്ട് സുധാകരൻ നീണ്ട നിയമപോരാട്ടം തന്നെ നടത്തി. ആന്ധ്രാ പൊലീസിന്റെ അന്വേഷണത്തിൽ സുധാകരനെതിരെ തെളിവൊന്നും കണ്ടെത്താനായില്ല. ഒരേ സംഭവത്തിൽ വീണ്ടും ഗൂഢാലോചനാക്കുറ്റം ഉൾപ്പെടെ ചുമത്തി കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽനിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികളിലൊരാൾ കൊല്ലപ്പെട്ടു


കെ.സുധാകരൻ തലസ്ഥാനത്തുവച്ച് ഗൂഢാലോചന നടത്തിയെന്നും ഒന്നും രണ്ടും പ്രതികളെ കൊലപാതകത്തിന് നിയോഗിച്ചെന്നുമായിരുന്നു ആരോപണം. വിക്രംചാലിൽ ശശി, ദിനേശൻ എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ. നേരത്തെ ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ശശി സംഘടനയുമായി ഇടഞ്ഞശേഷം ശിവസേനയിൽ പ്രവർത്തിച്ചിരുന്നു. തന്റെ സുഹൃത്തും ആർ.എസ്.എസ് പ്രവർത്തകനുമായ അനിൽകുമാറിനെ സി.പി.എമ്മുകാർ കൊലപ്പെടുത്തിയെന്നും ഇതിന്റെ പ്രതികാരമായാണ് ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നുമായിരുന്നു ശശിയുടെ മൊഴി. വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ ശശിയെ 1999ൽ കൂത്തുപറമ്പിൽ ബസ് യാത്രയ്ക്കിടെ ഒരു സംഘം വെട്ടിക്കൊന്നു. വധശ്രമക്കേസിൽ രണ്ടാംപ്രതിയായ ദിനേശൻ പിന്നീട് എസ്.എഫ്.ഐ നേതാവ് കെ.വി.സുധീഷിനെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായി.

Advertisement
Advertisement