ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റം ; പൊതുവിദ്യാഭ്യാസ ഡയറക്‌ടർ മാപ്പ് പറഞ്ഞു

Wednesday 22 May 2024 1:49 AM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലമാറ്റത്തിൽ കോടതി ഉത്തരവ് ലംഘിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് മുന്നിൽ നിരുപാധികം മാപ്പപേക്ഷ നൽകി. സർക്കുലർ പിൻവലിച്ച സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനെതിരെ രണ്ട് കോടതിയലക്ഷ്യ ഹർജികളാണ് ഇന്നലെ ട്രൈബ്യൂണൽ പരിഗണിച്ചത്.സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുമ്പോൾ ഇതരജില്ലകളിൽ ജോലിചെയ്യുന്നവർക്ക് ചട്ടപ്രകാരം അർഹമായ പരിഗണന നൽകാൻ ട്രൈബ്യൂണൽ ഒക്ടോബറിൽ നിർദ്ദേശിച്ചിരുന്നു. നിർദ്ദേശം അവഗണിച്ച് പട്ടിക തയ്യാറാക്കിയതിനെതിരെയാണ് ആദ്യ കോടതിഅലക്ഷ്യ ഹർജി. ഏപ്രിൽ 12 ന് ഈ പട്ടിക റദ്ദാക്കിയ ട്രൈബ്യൂണൽ ഒരു മാസത്തിനകം ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കാനും നിർദ്ദേശിച്ചിരുന്നു.

സ്ഥലംമാറ്റ നടപടികൾ താത്കാലികമായി തടഞ്ഞുള്ള ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കെയാണ് വിദ്യാഭ്യാസ വകുപ്പ് അന്തിമ സ്ഥലംമാറ്റപട്ടിക പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ അദ്ധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ചതോടെ മുഴുവൻ നടപടികളും സ്റ്റേ ചെയ്തു. വിടുതൽ വാങ്ങിയ അദ്ധ്യാപകരിൽ പലർക്കും സ്കൂളുകളിൽ ജോയിൻ ചെയ്യാനായില്ല. ഇതിനിടെ ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച അദ്ധ്യാപിക ഇടക്കാലവിധി സമ്പാദിച്ചു. സർക്കാർ ഉത്തരവ് പ്രകാരം നടപ്പായ സ്ഥലംമാറ്റങ്ങളെ ട്രൈബ്യൂണൽ ഉത്തരവ് ബാധിക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിടുതൽ വാങ്ങിയ അദ്ധ്യാപകർക്ക് പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ നിർദേശം നൽകി മേയ് നാലിന് ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഇത് നിലവിലെ ട്രൈബ്യൂണൽ ഉത്തരവിന് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് രണ്ടാമത്തെ കോടതി അലക്ഷ്യ ഹർജി.സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പിൻവലിച്ചിരുന്നു. . അതേസമയം ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരമുള്ള പട്ടിക പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുമില്ല. കേസ് 24 ന് ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കും.

Advertisement
Advertisement