ക്നാനായ ഭരണഘടനാ ഭേദഗതി നടപ്പാക്കൽ ഹൈക്കോടതി തടഞ്ഞു

Wednesday 22 May 2024 1:58 AM IST

കൊച്ചി: ക്നാനായ സമുദായ ഭരണഘടന ഭേദഗതി ചർച്ചചെയ്യാൻ ചിങ്ങവനം മാർ അപ്രേം സെമിനാരിയിൽ ക്നാനായ അസോസിയേഷന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭരണഘടനാ ഭേദഗതി സംബന്ധിച്ച അസോസിയേഷൻ തീരുമാനങ്ങൾ കോട്ടയം മുൻസിഫ് കോടതിയിലുള്ള കേസിന്റെ തീർപ്പിന് വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.

മെത്രാപ്പൊലീത്തമാരായ കുര്യാക്കോസ് ഗ്രിഗോറിയോസ്, ഇവാനിയോസ് കുര്യാക്കോസ് എന്നിവ‌ർ സമർപ്പിച്ച ഹർജിയിലാണിത്.

സേവേറിയോസ് മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹർജിക്കാരനായ കുര്യാക്കോസ് ഗ്രിഗോറിയോസിന് സമുദായ മെത്രാപ്പൊലീത്തയുടെ ചുമതല നൽകി പാത്രിയാർക്കീസ് ബാവ കൽപ്പന പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പ്രത്യേക അസോസിയേഷൻ യോഗം ചേരുന്നതിന് കുര്യാക്കോസ് ഗ്രിഗോറിയോസ് വിലക്കേർപ്പെടുത്തുകയും ചെയ്തു. വിലക്ക് ലംഘിച്ച് യോഗം നടത്തിയ സാഹചര്യത്തിലാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.

Advertisement
Advertisement