നാവിൽ ശസ്ത്രക്രിയ: മൊഴിയെടുക്കൽ തുടരും

Wednesday 22 May 2024 2:01 AM IST

കോഴിക്കോട്: കൈവിരലിന് പകരം നാലുവയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ

ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച അന്വേഷണ സമിതിയുടെ മൊഴിയെടുക്കൽ തുടരുന്നു.

ശസ്ത്രക്രിയ നടത്തിയ ഡോ.ബിജോൺ ജോൺസൺ,ആശുപത്രി സൂപ്രണ്ട്,ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ്, ഓപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്ന ജീവനക്കാർ എന്നിവരിൽ നിന്ന് മൊഴി രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷമാണ് സമിതി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ.

കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴിയാണ് ഇനി ശേഖരിക്കാനുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് മെഡിക്കൽ കോളേജ് പൊലീസ് ഡോ.ബിജോൺ ജോൺസനെ ആശുപത്രിയിൽ ചോദ്യം ചെയ്‌തത്. സസ്‌പെൻഷന് ശേഷം നാട്ടിലേക്കുപോയ ഡോക്ടറെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആറാം വിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്‌ക്കായി കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് നാവിലെ തകരാർ കണ്ടെത്തിയതെന്നാണ് ഡോക്ടറുടെ മൊഴി. കുഞ്ഞിന്റെ നാവിന് പ്രശ്‌നമില്ലെന്നാണ് മെഡിക്കൽ രേഖകൾ പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ.

Advertisement
Advertisement