മുഖ്യമന്ത്രിയെ കണ്ട് നമ്പി രാജേഷിന്റെ കുടുംബം

Wednesday 22 May 2024 2:33 AM IST

തിരുവനന്തപുരം: എയർ ഇന്ത്യ സമരം കാരണം കുടുംബത്തെ അവസാനമൊന്ന് കാണാനാവാതെ മരിച്ച നമ്പി രാജേഷിന്റെ(40) വീട്ടുകാർ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നൽകി. നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ ഇടപെടൽ നടത്താമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഇന്നലെ രാവിലെ 11.30ന് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. അതിനു മുമ്പ് മന്ത്രി വി.ശിവൻകുട്ടിയെ കണ്ടിരുന്നു. നഷ്ടപരിഹാരം ലഭ്യമാക്കണമെന്നഭ്യർത്ഥിച്ച് ശിവൻകുട്ടി നേരത്തേ വ്യോമയാന മന്ത്രിക്ക് കത്തയച്ചിരുന്നു. നമ്പി രാജേഷിന്റെ ഭാര്യ അമൃത,മക്കളായ അനഘ,നമ്പി ശൈലേഷ്,അമൃതയുടെ അച്ഛൻ രവി,അമ്മ ചിത്ര,സഹോദരി ഐശ്വര്യ എന്നിവർക്കൊപ്പം സി.പി.എം പ്രാദേശിക നേതാക്കളുമുണ്ടായിരുന്നു.

27ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, വ്യോമയാന മന്ത്രി എന്നിവർക്കും നിവേദനം നൽകും. ഈ മാസം 7നാണ് മസ്കറ്റിലെ ജോലിസ്ഥലത്ത് രാജേഷ് കുഴഞ്ഞുവീഴുന്നത്. അമൃതയും ചിത്രയും 8ന് രാവിലെയുള്ള എയർ ഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും സമരം കാരണം വിമാനം റദ്ദാക്കി. 13ന് രാജേഷ് മരണമടഞ്ഞു.

മെയിലിന് മറുപടിയില്ല

നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയർ ഇന്ത്യയ്ക്ക് അമൃത തിങ്കളാഴ്ച മെയിൽ അയച്ചിട്ടും മറുപടിയില്ല. കഴിഞ്ഞ വ്യാഴാഴ്ച കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞ പ്രകാരമാണ് മെയിൽ അയച്ചത്. അമൃതയ്ക്ക് ഇന്ന് ബി.എസ്‌സി നഴ്സിംഗ് രണ്ടാംവർഷ പ്രാക്ടിക്കൽ പരീക്ഷയാണ്.

Advertisement
Advertisement