ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു

Wednesday 22 May 2024 2:34 AM IST
വി. എം ആദർശ്

പന്തളം : കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ തമിഴ്‌നാട് മരുതുംപാറ പാറയിൽ വീട്ടിൽ വിജയന്റ മകൻ വി. എം. ആദർശ് (21) മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അബീഷ് (20 )ന് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 8.30ന് എം.സി റോഡിൽ ചിത്ര ആശുപത്രി ജംഗ്ഷന് സമീപമായിരുന്നു അപകടം. പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ ബി.സി.എ അവസാന വർഷവിദ്യാർത്ഥിയാണ് ആദർശ് . ഇന്നലെ രാവിലെ ആദർശും സഹപാഠി അബീഷും ബൈക്കിൽ കോളേജിലേക്ക് പോകുമ്പോഴാണ് അപകടം. കൊട്ടാരക്കരയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു ബസ്. ഗുരുതരമായി പരിക്കേറ്റ ആദർശിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടാപ്പിംഗ് തൊഴിലാളിയായ വിജയൻ കുടുംബത്തോടൊപ്പം വർഷങ്ങളായി മെഴുവേലി ഉള്ളന്നൂർ പുളിമൂട്ടിൽ സജി നിവാസിൽ വാടകയ്ക്ക് താമസിക്കുകയാണ്. മനോഹര ഭായിയാണ് ആദർശിന്റെ മാതാവ് , സഹോദരൻ : ആഷിഖ്.