സോളാർ ബോട്ട് എവിടെ പൊന്നാനിയുടെ സ്വപ്നപദ്ധതി ആവിയായോ 

Wednesday 22 May 2024 3:10 AM IST

പൊന്നാനി: പൊന്നാനിയുടെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുമായിരുന്ന പ്രവൃത്തിയായിരുന്നു കനോലി കനാൽ ആഴംകൂട്ടിയുള്ള സോളാർ ബോട്ട് സർവീസ്. പൊന്നാനി അഴിമുഖം മുതൽ ജില്ലാ അതിർത്തിയായ അണ്ടത്തോട് വരെയുള്ള പതിനൊന്നു കിലോമീറ്റർ ഭാഗങ്ങളിലാണ് ഈ പദ്ധതിക്ക് വേണ്ടി കനാലിന്റെ നടുവിൽ ഒന്നരമീറ്റർ ആഴം കൂട്ടിയത്. കനാലിന്റെ വീതി നിലവിൽ നാല്പത്തി അഞ്ചു മീറ്ററാക്കി ഉയർത്തിയും സമീപത്തെ കയ്യേറ്റങ്ങൾ കണ്ടെത്തിയുമുള്ള സമഗ്രമായ പദ്ധതിയാണ് മുൻപ് പ്രഖ്യാപിക്കപ്പെട്ടത് . ആഴം കൂട്ടി കുഴിച്ചെടുത്ത മണ്ണ് കനാലിന്റെ സമീപത്തായി ഇരുകരകളിലും കൂട്ടിയിട്ടു. പക്ഷെ മഴ എത്തിയതോടെ ഈ മണ്ണ് വീണ്ടും കനാലിലേക്ക് തിരിച്ചിറങ്ങി. ഒപ്പം ഈ പദ്ധതിക്ക് വേണ്ടി ചിലവാക്കിയ പണവും നഷ്ടമായി. വീണ്ടും മാലിന്യം നിറഞ്ഞ അവസ്ഥയായി. ഈ പദ്ധതിക്ക് തടസമായി നിന്നിരുന്നത് പലയിടത്തും താഴ്ന്ന് നിൽക്കുന്ന പാലങ്ങളായിരുന്നു. നവീകരിക്കേണ്ട പാലങ്ങൾ എല്ലാം തന്നെ പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതോടെ ഉപകാരമാകുമായിരുന്നു പൊന്നാനിയിലെ അങ്ങാടിപാലത്തിന്റെ നവീകരണം. നിലവിലെ അങ്ങാടിപ്പാലം പൊളിച്ച് വീതി കൂട്ടി പുതിയ പാലം പണിയുന്നതോടെ നിലവിൽ പൊന്നാനി അങ്ങാടിയിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കും ഒഴിവാക്കാമായിരുന്നു എന്നാൽ പ്രഖ്യാപിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതിപ്രാവൃത്തികമായില്ല.

പ്രഹസനമായ

ആഴൽകൂട്ടൽ

നിളയോരപാതയും.പുഴമുറ്റം പാർക്കും. ബിയ്യംപാർക്കും തുടങ്ങി നവീകരിച്ച ലൈറ്റ് ഹൗസ് വരെ പൊന്നാനിയുടെ ടൂറിസം രംഗത്തെ വളർച്ചയുടെ പടവുകളാണ്. എന്നാൽ പ്രഖ്യാപിക്കപ്പെട്ട് പാതിവഴിയിൽ നിലച്ച പദ്ധതിയായി മാറി കനോലി കനാൽ ആഴംകൂട്ടിയുള്ള സോളാർ ബോട്ട് സർവീസ്. അണ്ടത്തോട് മുതൽ കനോലി കനാൽ വഴിയുള്ള ബോട്ട് സർവീസ് ഒരുപക്ഷെ ഭാരതപുഴ വഴി നിളയോര പാതയിലേക്കും നീട്ടിയെങ്കിൽ നിലവിലെ സഞ്ചാരികളെക്കാൾ ഇരട്ടി ആളുകൾ പൊന്നാനിയിലേക്ക് എത്തിയിരുന്നു. നിലവിൽ കനാലിന്റെ ആഴം കൂട്ടൽ നടന്നെങ്കിലും അതൊരു പ്രഹസനമായി മാറി. സമീപത്തെ കയ്യേറ്റങ്ങൾ കണ്ടെത്തി കനാലിന്റെ വീതി കൂട്ടൽ നടപടികൾ പിന്നീട് എങ്ങുമെത്തിയില്ല. ഈ ടൂറിസം പദ്ധതി എന്നെങ്കിലും നടപ്പിലാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

കനോലി കനാൽ പൊന്നാനി അങ്ങാടി പാലത്തിൽ നിന്നുള്ള ദൃശ്യം

Advertisement
Advertisement