അമീബിക് മസ്തിഷ്ക ജ്വരം : അഞ്ചുവയസുകാരിക്ക് യാത്രാമൊഴി നൽകി നാട്

Wednesday 22 May 2024 3:16 AM IST

മലപ്പുറം: അത്യപൂർവ്വ രോഗമായ മസ്തിഷ്ക ജ്വരം (അമീബിക്ക് മെനഞ്ചോ എൻസെഫലൈറ്റിസ്)​ ബാധിച്ച് മരിച്ച മലപ്പുറം വെന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അഞ്ച് വയസുകാരിയ്ക്ക് നാട് യാത്രാമൊഴി നൽകി. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസൻകുട്ടി-ഫസ്ന ദമ്പതികളുടെ മകൾ ഫദ്‌വയാണ് മരിച്ചത്. മൃതദേഹം കടവത്ത് ജുമാ മസ്ജിദിൽ ഖബറടക്കി. കളിയാട്ടമുക്ക് എ.എം.എൽ.പി സ്‌കൂൾ വിദ്യാർത്ഥിനിയാണ്

ഈ മാസം ഒന്നിന് രോഗബാധിതയായ കുട്ടി ബന്ധുക്കളോടൊപ്പം വീടിന് സമീപത്തെ കടലുണ്ടി പുഴയുടെ പാറയ്ക്കൽ കടവിൽ കുളിച്ചിരുന്നു. വേനലിൽ ഒഴുക്ക് നിലച്ച വെള്ളമായിരുന്നു ഇവിടത്തേത് . പത്താംതീയതി പനി, തലവേദന, ഛർദ്ദി എന്നിവയെ തുടർന്ന് വീടിനടുത്തുള്ള ശിശുരോഗ വിദഗ്ദ്ധനെ കാണിച്ചു. 12ന് രണ്ടുതവണ ഛർദ്ദി, തലചുറ്റൽ എന്നിവ ഉണ്ടായതോടെ ചേളാരിയിലെയും തുടർന്ന് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. രോഗം ഗുരുതരമായതോടെ അന്നുതന്നെ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

പുഴയിലെ വെള്ളം മൂക്കിലൂടെ അകത്തേക്ക് കയറിയാവാം വൈറസ് തലച്ചോറിൽ എത്തിയതെന്നാണ് ഡോക്ടർമാരുടെ നിഗമനം. അമീബയുടെ വകഭേദം കണ്ടെത്താൻ സാമ്പിൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ മുന്നിയൂരിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

എന്താണ് അമീബിക് മെനഞ്ചോ എൻസെഫലൈറ്റിസ്

വളരെ വിരളമായി പതിനായിരത്തിൽ ഒരാൾക്ക് ബാധിക്കുന്ന രോഗമാണ് അമീബിക്ക് മെനഞ്ചോ എൻസെഫലൈറ്റിസ്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

Advertisement
Advertisement