ടോണി ക്രൂസ് ബൂട്ടഴിക്കുന്നു

Wednesday 22 May 2024 4:34 AM IST

മാഡ്രിഡ്: മിഡ്ഫീൽഡിലെ ജർമ്മൻ ജനറൽ ടോണി ക്രൂസ് ബൂട്ടഴിക്കുന്നു. അടുത്ത യൂറോയോടെ പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന് 34കാരനായ ക്രൂസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും റയൽ മാഡ്രിഡിനൊപ്പമുള്ല ക്രൂസിന്റെ അവസാന മത്സരം. ജർമ്മൻ ദേശീയ ടീമിനൊപ്പം യൂറോകപ്പും. 17 വർഷത്തോളം നീണ്ട പ്രൊഫഷണൽ കരിയറിൽ നേടാവുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയാണ് സ്വരം നന്നായിരിക്കുമ്പോങൾ തന്നെ പാട്ട് നിർത്തുക എന്ന് പറയുന്നപോലെ കരിയറിൽ അത്യുന്നതിയിൽ നിൽക്കെ ക്രൂസ് കളിനിറുത്തുന്നത്.

2014ൽ ലോകകപ്പ് നേടിയ ജർമ്മൻ ടീമിലെ പ്രധാന താരമായിരുന്ന ക്രൂസ് 2021ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും നിലിവിലെ കോച്ച് ജൂലിയൻ നെഗ്‌ളസമാന്റെ പ്രത്യേക താത്പര്യ പ്രകാരം തീരുമാനം പിൻവലിച്ച് തിരിച്ചെത്തുകയായിരുന്നു.

2014ൽ ബയേൺ മ്യൂണിക്കിൽ നിന്ന് റയൽ മാഡ്രിഡിലെത്തിയ ക്രൂസ് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയെന്ന് പറയാം. മദ്ധ്യനിരയിലെ ലൂക്കാ മൊഡ്രിച്ച് - ടോണി ക്രൂസ് കൂട്ടുകെട്ടായിരുന്നു റയലിന്റെ കുതിപ്പിന്റെ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് കുതിക്കുന്ന റയലിന്റെ എൻജിൻ. റയലിനൊപ്പം അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരടം നേടാനുള്ള സാധ്യതയാണ് ക്രൂസിന്റെ മുന്നിലുള്ളത്. ജര്‍മനിക്കുവേണ്ടി 108 മത്സരങ്ങള്‍ കളിച്ച ക്രൂസ് 17 ഗോളുകളും നേടിയിട്ടുണ്ട്. റയലിനായി 305 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 22 ഗോളുകളും നേടി.

കരിയറിലെ നേട്ടങ്ങൾ

ജർമ്മൻ ദേശീയ ടീം

- ലോകകപ്പ് (2014). സെമിയിൽ ബ്രസീലിനെ 7-1ന് തോൽപ്പിച്ച മത്സരത്തിൽ രണ്ട് ഗോളുകൾ ക്രൂസാണ് നേടിയത്. 2010ലെ ലോകകപ്പിൽ 3-ാം സ്ഥാനം നേടിയ ടീമിലും അംഗം. 201

2017ൽ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഗോൾഡൻ ബാൾ നേടി.

ബയേൺ മ്യൂണിക്ക്

1 തവണ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്

1തവണ ക്ലബ് ലോകകപ്പ്

3 തവണ ബുണ്ടസ് ലിഗ കിരീടം

3 തവണ ജർമ്മൻ കപ്പ്

റയൽ മാഡ്രിഡ്

5തവണ ക്ലബ് ലോകകപ്പ്

4 തവണ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്

5 തവണ ലാലിഗ കിരീടം

1 തവണ കോപ്പ ഡൽ റെ

2014 ജൂലായ് 17. റയല്‍ മാഡ്രിഡി എന്റെ പ്രസന്റേഷൻ ദിനം.എന്റെ ഫുട്‌ബോള്‍ ജീവിതത്തെയും വ്യക്തിജീവിതത്തെയും മാറ്റിമറിച്ചു. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം, ഈ സീസണിന്റെ അവസാനത്തില്‍ ഈ അദ്ധ്യായം അവസാനിപ്പിക്കുകയാണ്. എന്നെ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്തവര്‍ക്ക് നന്ദി. യൂറോ കപ്പിനുശേഷം സജീവ ഫുട്‌ബോള്‍ അവസാനിപ്പിക്കുകയാണെന്നു കൂടി അര്‍ത്ഥാക്കുന്ന തീരുമാനമാണിത്.

.ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, റയല്‍ മാഡ്രിഡാണ് എന്റെ അവസാനത്തെ ക്ലബ്. അതില്‍ സന്തോഷവും അഭിമാനവുമുണ്ട്. കരിയറില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സമയത്ത് വിരമിക്കണമെന്നായിരുന്നു ആഗ്രഹം

ക്രൂസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്ന്

Advertisement
Advertisement