തിരക്കേറിയ സമയത്ത് റെയിൽവേയുടെ പ്രഹരം; ആറ് ട്രെയിൻ സർവീസുകൾ നിർത്തലാക്കുന്നു

Wednesday 22 May 2024 11:11 AM IST

തിരുവനന്തപുരം: കേരളത്തിൽ ഓടുന്ന ട്രെയിനുകൾ ഉൾപ്പെടെ ആറ്‌ സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്‌ ദക്ഷിണ റെയിൽവേ നിർത്തലാക്കുന്നതായി വിവരം. നടത്തിപ്പ്‌, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധിക്കാലം പോലുള്ള ഏറെ തിരക്കുപിടിച്ച സമയത്ത്‌ റെയിൽവേയുടെ നടപടി. സ്‌കൂൾ തുറക്കൽ, സ്ഥലംമാറ്റം തുടങ്ങിയവ നടക്കുന്ന മാസമായതിനാൽ റെയിൽവേയുടെ നീക്കം യാത്രക്കാരെ കൂടുതൽ വലയ്‌ക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിലൂടെ ഓടുന്ന നാല്‌ പ്രതിവാര ട്രെയിനുകളും നിർത്തലാക്കുന്നവയിൽ ഉൾപ്പെടുന്നു.

ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു - കോയമ്പത്തൂര്‍ - മംഗളൂരു പ്രതിവാര ട്രെയിൻ (06041/06042) ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തുന്നത്. മേയ് 25നും, ജൂണ്‍ ഒന്നിനുമുള്ള സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

മംഗളൂരു - കോട്ടയം റൂട്ടിലെ പ്രത്യേക ട്രെയിൻ (06075/06076) റെയില്‍വേ നേരത്തേ റദ്ദാക്കിയിരുന്നു. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്‍) സർവീസ് പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ 20ന് സർവീസ് നടന്നിരുന്നു.

റദ്ദാക്കിയ ട്രെയിനുകൾ

മംഗളൂരു - കോയമ്പത്തൂര്‍ പ്രതിവാര ട്രെയിൻ സർവീസ് (ശനി) - 06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ).

കോയമ്പത്തൂര്‍ - മംഗളൂരു പ്രതിവാര ട്രെയിൻ സർവീസ് (ശനി)-06042- (ജൂണ്‍ എട്ട്- 29).

കൊച്ചുവേളി - നിസാമുദ്ദീന്‍ പ്രതിവാര ട്രെയിൻ സർവീസ് (വെള്ളി)-06071- (ജൂണ്‍ ഏഴ്-28).

നിസാമുദ്ദീന്‍ - കൊച്ചുവേളി പ്രതിവാര ട്രെയിൻ സർവീസ് (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്).

ചെന്നൈ - വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).

വേളാങ്കണ്ണി - ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്)

Advertisement
Advertisement