പാർട്ടി മുഖപത്രം വരുത്താൻ തയ്യാറായില്ല; കുടുംബശ്രീ ഹോട്ടൽ സംരംഭകരെ ഒഴിപ്പിച്ചെന്ന് പരാതി
പത്തനംതിട്ട: സിപിഎം മുഖപത്രം വരുത്താൻ തയ്യാറാകാത്തതിനെ തുടർന്ന് കുടുംബശ്രീ ഹോട്ടൽ സംരംഭകരെ ഡിടിപിസി കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. വനിതാ സംരംഭകരാണ് സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. എന്നാൽ, ഇവരുടെ ആരോപണം ഡിടിപിസി തള്ളിയിട്ടുണ്ട്.
ജീവനക്കാരായ ആറ് വനിതകളും പത്രത്തിന്റെ വരിക്കാരാകണമെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് തയ്യാറാകാതെ വന്നതോടെ പത്ത് വർഷമായി പ്രവർത്തിച്ച കുടുംബശ്രീ ഹോട്ടൽ സംരംഭകരെ ഒഴിവാക്കിയെന്നാണ് പരാതി. ഇവരെ ഒഴിവാക്കി പുതിയ ആളുകൾക്ക് കരാർ നൽകുകയും ചെയ്‌തിരുന്നു. ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് വനിതാ സംരംഭകരുടെ ആരോപണം.
എന്നാൽ, പത്ത് വർഷമായി ഒരേ സംരംഭകർക്ക് നൽകുന്നതിൽ ഓഡിറ്റിൽ പ്രശ്‌നം വന്നു. ഇതോടെ നിയമപരമായി ടെൻഡർ വിളിച്ച് മറ്റ് ആളുകൾക്ക് നൽകുകയായിരുന്നു എന്നാണ് വിഷയത്തിൽ ഡിടിപിസിയുടെ വിശദീകരണം.
ജനകീയ ഹോട്ടലുകൾ പൂട്ടുന്നു
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കേരളത്തിലാകെ 2020 മാർച്ചിൽ ജനകീയ ഹോട്ടലുകൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പലതും അടച്ചുപൂട്ടുകയാണ്. വിപണിയിലെ വിലകയറ്റവും പത്തുരൂപ സബ്‌സിഡി സർക്കാർ റദ്ദാക്കിയതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ഇവരുടെ പ്രതിസന്ധിക്ക് കാരണം. കൂത്തുപറമ്പ്, ചൊക്ലി, തളിപ്പറമ്പ് ഉദയഗിരി, പരിയാരം, മാട്ടൂൽ, പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ വെള്ളൂർ, കോളയാട്, ഉളിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾ പൂട്ടിയിരുന്നു.
സബ്‌സിഡിയോടെ 20 രൂപയ്ക്ക് ഊണ് എന്ന പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് നാട് ഏറ്റെടുത്തത്. ഊണൊന്നിന് പത്തുരൂപ നിരക്കിൽ നൽകിയ സബ്‌സിഡി കഴിഞ്ഞ ആഗസ്റ്റ് മുതൽ സർക്കാർ റദ്ദാക്കി. ഊണിന് 10 രൂപ കൂട്ടാനും അനുമതി നൽകി. ഊണിന് 30 രൂപയായതോടെ ആളുകൾ കുറഞ്ഞെന്നാണ് ജില്ലയിലെ ജനകീയ ഹോട്ടൽ നടത്തിപ്പുകാർ പറയുന്നത്. ദിവസം 700 ഊണുകൾ വരെ വിറ്റു പോയിടത്ത് 500 ആയി കുറഞ്ഞു. നാലും അഞ്ചും കുടുംബശ്രീ പ്രവർത്തകർ ചേർന്നാണ് പലയിടത്തും ഹോട്ടലുകൾ നടത്തുന്നത്. കച്ചവടം കുറഞ്ഞതോടെ ഇവരുടെ വരുമാനവും ഇടിഞ്ഞു.