വിശപ്പ് സഹിക്കാൻ വയ്യ; നടുറോഡിൽ ബസ് നിർത്തിയിട്ട് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി
പത്തനംതിട്ട: കോന്നിയിൽ നടുറോഡിൽ കെ എസ് ആർ ടി സി ബസ് നിർത്തിയിട്ട് ജീവനക്കാരും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയതായി പരാതി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കട്ടപ്പന ഡിപ്പോയിലെ അനിൽ കുമാറിനെതിരെയാണ് ആരോപണം.
വൈകിട്ട് ആറ് മണിക്ക് കട്ടപ്പന ഡിപ്പോയിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം ബസ് കോന്നി ടൗണിലെത്തിയപ്പോൾ റോഡിന് നടുവിൽ പാർക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ബസിലെ യാത്രക്കാരും സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുകയായിരുന്നു.
നടുറോഡിലാണ് ബസ് കിടക്കുന്നതെന്ന് ചിലർ ചൂണ്ടിക്കാണിച്ചെങ്കിലും, തനിക്ക് വിശക്കുന്നെന്ന് പറഞ്ഞ് ഡ്രൈവർ ഹോട്ടലിലേക്ക് കയറുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർക്കെതിരെ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത സ്ഥിരം അപകട മേഖലയാണെന്നും അങ്ങനെയുള്ള സ്ഥലത്താണ് ഇത്തരമൊരു അശ്രദ്ധ കാണിച്ചതെന്നും ഗുരുതരമായ കാര്യമാണിതെന്നുമാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ദിവസം കോന്നി പൂവൻപാറയിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. കോന്നി സ്വദേശി ശരത്താണ് മരിച്ചത്. അർദ്ധരാത്രി ഒന്നരയ്ക്കായിരുന്നു അപകടം. ബൈക്ക് തെന്നി ട്രെയിലറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. അതിനിടയിലാണ് കെ എസ് ആർ ടി സി ഡ്രൈവറുടെ ഈ അശ്രദ്ധ ഉണ്ടായിരിക്കുന്നത്. ഡ്രൈവർക്കെതിരെ കെ എസ് ആർ ടി സി നടപടിയെടുത്തേക്കും.