ഷൂസിൽ ദുർഗന്ധമുണ്ടോ? പരിഹാരം നിങ്ങളുടെ അടുക്കളയിലുണ്ട്, ഒരു ടീസ്‌പൂണിൽ പ്രശ്നം തീരും

Wednesday 22 May 2024 3:44 PM IST

ആൺ - പെൺ വ്യത്യാസമില്ലാതെ മിക്കവരും ഷൂസ് ഉപയോഗിക്കാറുണ്ട്. പല സ്‌കൂളുകളിലും ഓഫീസുകളിലുമൊക്കെ ഷൂസും യൂണിഫോമിന്റെ ഭാഗമാണ്. ചിലർക്കാകട്ടെ കാൽപ്പാദങ്ങൾ കാണിച്ച് നടക്കാൻ ഇഷ്ടമില്ല. ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഓരോരുത്തരും ഷൂസ് ധരിക്കുന്നത്.


എന്നാൽ മഴക്കാലമായതോടെ ഷൂസ് ധരിക്കുന്നവരെല്ലാം നേരിടുന്ന ഒരു പ്രശ്നമാണ് ഇതിനുള്ളിലെ ദുർഗന്ധം. ഇത്തരത്തിൽ ഷൂസ് ധരിച്ച് എവിടെയെങ്കിലും പോയാൽ ഈ ദുർഗന്ധം മൂലം നമ്മൾ നാണം കെടുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

എത്ര തേച്ചുരച്ച് കഴുകിയാലും ഷൂസിനകത്തെ ദുർഗന്ധം പോകില്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഈ ദുർഗന്ധം അകറ്റാനുള്ള ചില പൊടിക്കൈകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. എന്തൊക്കെയാണെന്നല്ലേ?

ഷൂസിൽ ചെറിയ രീതിയിലുള്ള ദുർഗന്ധം മാത്രമേ ഉള്ളൂവെങ്കിൽ ഓറഞ്ച് തൊലി ഇത് അകറ്റാം. ഷൂസിൽ വെള്ളത്തിന്റെ അംശം ഒട്ടും പാടില്ല. ഷൂസ് അഴിച്ചിട്ട ശേഷം ഓറഞ്ചിന്റെ തൊലി അതിനകത്തിട്ടുകൊടുക്കുക. ഒരു രാത്രി മുഴുവൻ ഇങ്ങനെ വയ്ക്കണം. പിറ്റേന്ന് ഇവ എടുത്തുമാറ്റിയ ശേഷം മണത്തുനോക്കൂ. ദുർഗന്ധം പോകും.


ബേക്കിംഗ് സോഡയാണ് മറ്റൊരു വഴി. ഒന്നോ രണ്ട് ടീസ്‌പൂൺ ബേക്കിംഗ് സോഡ ഷൂവിലിട്ടുകൊടുക്കുക.ശേഷം നന്നായൊന്ന് കുലുക്കുക. ചീത്ത മണത്തെ വലിച്ചെടുക്കാനുള്ള ശേഷി ഇതിനുണ്ട്. ഒരു രാത്രിക്ക് ശേഷം ബേക്കിംഗ് പൗഡർ ഷൂസിൽ നിന്ന് കൊട്ടിക്കളയുക. ദുർഗന്ധം മാറിയിട്ടുണ്ടാകും. നനവില്ലാത്ത ഷൂസിലിട്ടാലേ റിസൽട്ട് കിട്ടുകയുള്ളൂവെന്ന് പ്രത്യേകം ഓർക്കുക.

കാപ്പിപ്പൊടിയാണ് മറ്റൊരു പോംവഴി. ഷൂസിനൊപ്പം തന്നെ സോക്സിനും ദുർഗന്ധം ഉണ്ടാകും. ഈ സോക്‌സിലേക്ക് അൽപം കാപ്പിപ്പൊടിയിട്ടുകൊടുക്കുക. ശേഷം ഷൂസിനുള്ളിൽ വയ്ക്കുക. ഒരു രാത്രിക്ക് ശേഷം ഇതെടുത്ത് കളയാം. ദുർഗന്ധത്തെ വലിച്ചെടുക്കാനുള്ള കഴിവ് കാപ്പിപ്പൊടിക്കുണ്ട്.

ഷൂ എടുത്ത് അതിനുള്ളിൽ ടീ ബാഗുകൾ നിറച്ചുകൊടുക്കുക. ശേഷം നനവില്ലാത്ത ഭാഗത്ത് ഒരു ദിവസം മുഴുവൻ സൂക്ഷിക്കുക. ദുർഗന്ധം അകറ്റാം. ടാൽകം പൗഡറാണ് മറ്റൊരു സൂത്രം. കാൽപാദങ്ങളിലും ഷൂസിനുള്ളിലും ടാൽകം പൗഡർ ഇടുക. ശേഷം ഷൂസ് ധരിക്കാം. ഇങ്ങനെ ചെയ്താലും ദുർഗന്ധം അകറ്റാം.

വാനില എസൻസും വെള്ളവും ഉപയോഗിച്ചും ഷൂസിലെ ദുർഗന്ധം അകറ്റാം. ഒരു ടീസ്പൂൺ വാനില എസൻസിൽ അര ടീസ്പൂൺ വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ചെറിയ നാല് കഷ്ണം കോട്ടൺ എടുക്കുക. ഇവ മിശ്രതത്തിൽ മുക്കി ഷൂവിനുള്ളിലിട്ടുകൊടുക്കാം. പത്ത് മണിക്കൂറിന് ശേഷം എടുത്തുകളയാം. ഇങ്ങനെ ചെയ്‌താലും ഷൂവിനുള്ളിലെ ചീത്തമണം മാറും.

Advertisement
Advertisement