'സിസേറിയൻ കഴിഞ്ഞ് ആറാം ദിനം ഫയലുകൾ നോക്കി, 15ാം ദിനം പൊതുപരിപാടിക്ക് വന്നു'; വിമർശനങ്ങളോട് പ്രതികരിച്ച് മേയർ

Wednesday 22 May 2024 4:44 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ ജനം മലിന ജലത്തിൽ കിടക്കുമ്പോൾ പാർട്ടി പ്രവർത്തനം നടത്തുന്നുവെന്ന വിമർശനത്തിന് മറുപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് തന്നെയാണ് ജനപ്രതിനിധിയായതെന്നും ഒരു ജനപ്രതിനിധി ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കേണ്ട ആളാണെന്ന് തനിക്ക് നല്ല ധാരണയുണ്ടെന്നും അവർ വ്യക്തമാക്കി.


മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ അമ്മയെ കാണാൻ പോയതിനെപ്പറ്റി മേയർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. തന്റെ കുട്ടിയും അഭിമന്യുവിന്റെ അമ്മയും ഉള്ള ഒരു ചിത്രമായിരുന്നു മേയർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിനുതാഴെയാണ് ഒരാൾ ആര്യയെ വിമർശിച്ചുകൊണ്ട് കമന്റ് ചെയ്‌തത്.

'തലസ്ഥാനത്തെ ജനം മലിന ജലത്തിൽ കിടക്കുമ്പോൾ പാർട്ടി പ്രവർത്തനം നടത്തുന്ന മേയർ. വാങ്ങുന്ന ശമ്പളത്തിന് പാർട്ടിയോട് മാത്രം നന്ദി ജനങ്ങളോട് ഒരു ബാദ്ധ്യതയുമില്ല' എന്നായിരുന്നു കമന്റ്. തുടർന്ന് മേയർ മറുപടി നൽകുകയായിരുന്നു. വിമർശനം നല്ലതാണെന്നും, എന്നാൽ വിമർശനം ഉന്നയിക്കുമ്പോൾ ഫേക്ക് പ്രൊഫൈൽ ഒഴിവാക്കണമെന്നും ആര്യ കുറിച്ചു.

മേയറുടെ വാക്കുകൾ

പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് തന്നെയാണ് ജനപ്രതിനിധി ആയത്. ഒരു ജനപ്രതിനിധി ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കേണ്ട ആളാണ് എന്ന് എനിക്ക് നല്ല ധാരണയുണ്ട് സഹോദരാ, അതുകൊണ്ടാണ് സിസേറിയൻ കഴിഞ്ഞ് ആറാം ദിവസം ഞാൻ ജനങ്ങളുടെ വിഷയങ്ങൾ പരിഹരിക്കേണ്ട നഗരസഭയുടെ ഫയലുകൾ കൃത്യമായി നോക്കിയത്, അതുകൊണ്ടാണ് ഞാൻ പ്രസവാനന്തരം പതിനഞ്ചാം ദിവസം മുതൽ പൊതുപരിപാടിക്ക് വന്നു തുടങ്ങിയത്.

തിരുവനന്തപുരം നഗരസഭ തുടർച്ചയായി മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് വാങ്ങുന്നത്, കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം വാങ്ങുന്നത്, കേരളത്തിൽ സാധാരണക്കാർക്ക് ഏറ്റവും കൂടുതൽ വീട് നൽകിയ നഗരസഭ ആയത്, സ്മാർട്ട് സിറ്റി രണ്ടാം ഘട്ടത്തിലേക്ക് ഈ നഗരത്തെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തത്, അങ്ങനെ ഒന്നാമതായി തന്നെ മുന്നേറുന്നത് സഹിക്കാത്തവർ ഓരോന്ന് പറയുമ്പോൾ പേടിക്കാനോ വിഷമിക്കാനോ പോകുന്നില്ല എന്ന് മനസിലാക്കിയാൽ മതി. ജനങ്ങളെ ചേർത്തുപിടിക്കാൻ എനിക്ക് നന്നായി അറിയാമെന്ന് എന്റെ നഗരത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് അറിയാം. വിമർശനം നല്ലതാണ്, ആ വിമർശനം ഉന്നയിക്കുമ്പോൾ ഫേക്ക് പ്രൊഫൈൽ ഒഴിവാക്കാൻ ശ്രമിക്കുമല്ലോ.

Advertisement
Advertisement