സുരേഷ് ഗോപി ചിത്രങ്ങളിൽ സ്ഥിരം കാണാം, കുറ്റവാളികളെ കണ്ടെത്താൻ പൊലീസിനെ സഹായിക്കുന്ന ആരും ശ്രദ്ധിക്കാത്ത അതിപ്രധാനി

Wednesday 22 May 2024 4:46 PM IST

തിരുവനന്തപുരം: കുറ്റവാളി എത്ര വിദഗ്ദ്ധനായാലും കുറ്റം തെളിയിക്കപ്പെടാൻ ഒരു തെളിവെങ്കിലും അയാൾ അവശേഷിപ്പിക്കും. ഒരിക്കലും അയാൾ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല അത്. അങ്ങനെ ആയിപ്പോകുന്നതാണ്. ആ കുറ്റവാളിക്ക് അർഹതപ്പെട്ട ശിക്ഷ കിട്ടാനായി ദൈവം ചെയ്യിപ്പിക്കുന്നതാണ് ഇതെന്നാണ് കരുതുന്നത്. ഇങ്ങനെ അവശേഷിപ്പിക്കുന്ന തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുന്നതോടെ കുറ്റവാളിയുടെ വിധിയും നിർണയിക്കും.

പക്ഷേ ഇത്തരം തെളിവുകൾ കണ്ടെത്തണമെങ്കിൽ ഏറെ സാമർത്ഥ്യം വേണം. പരമ്പരാഗത കുറ്റാന്വേഷണ രീതികൾക്കൊപ്പം അത്യന്താധുനിക സാങ്കേതിക വിദ്യകൾ വരെ ഇതിന് വേണ്ടിവരും. ഇങ്ങനെ തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്ന ഒന്നാണ് ഫോട്ടോ ഗ്രാഫുകൾ. അക്രമമോ കൊലപാതകമോ നടക്കുന്ന സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം ആദ്യം എത്തുന്ന ഫോറൻസിക് ഫോട്ടോഗ്രാഫർമാരാണ് ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നത്. വിരലടയാള വിദഗ്ദ്ധരെക്കുറിച്ച് ഒട്ടുമിക്കവർക്കും അറിയാമെങ്കിലും ഫോറൻസിക് ഫോട്ടോഗ്രാഫർമാരെക്കുറിച്ച് അധികമാർക്കും ഒന്നും അറിയില്ല എന്നതാണ് സത്യം.

തുടക്കം മുതൽ ഒടുക്കം വരെ

സുരേഷ് ഗോപി ചിത്രങ്ങളിൽ കേസ് തെളിയിക്കാൻ ഫോട്ടോകളുടെ സഹായം തേടുന്ന നിരവധി സന്ദർഭങ്ങളുണ്ട്. ഈ ചിത്രങ്ങളുടെ പുറകേ പോയാണ് പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് ഗോപി കുറ്റവാളികളെ മറനീക്കി പുറത്തുകൊണ്ടുവരുന്നത്. ക്രൈം സീനിലെത്തി ആദ്യ ചിത്രങ്ങൾ പകർത്തുന്നതുമുതൽ കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ മൊഴിനൽകി കുറ്റവാളിക്ക് ശിക്ഷവാങ്ങിച്ചുകൊടുക്കുന്നതുവരെ ഫോറൻസിക് ഫോട്ടോഗ്രാഫർക്ക് റോളുണ്ട്. മറ്റാരും കാണാത്ത നിർണായകമായ കാഴ്ചകൾ ഒപ്പിയെടുക്കാനുള്ള പൊലീസിന്റെ മൂന്നാം കണ്ണാണ് യഥാർത്ഥത്തിൽ ഫോറൻസിക് ഫോട്ടോഗ്രാഫർ എന്ന് നിസംശയം പറയാം. ഇവിടെയാണ് പ്രൊഫഷണൽ ഫോട്ടോഗ്രാഫറും ഫോറൻസിക് ഫോട്ടോഗ്രാഫറും തമ്മിലുള്ള പ്രധാന വ്യത്യാസം. സാധാരണ ഫോട്ടോഗ്രാഫർ താനെടുക്കുന്ന ഫോട്ടോകൾ മനാേഹരമാക്കാൻ ശ്രമിക്കുമ്പോൾ ഫോറൻസിക് ഫോട്ടോഗ്രാഫർ അന്വേഷണ ബുദ്ധിയാണ് ഫോട്ടോകളിലൂടെ തെളിയിക്കുന്നത്.

ഒരു കുറ്റകൃത്യം നടന്ന സ്ഥലം ക്രൈം നടന്ന് അല്പസമയം കഴിഞ്ഞാൽപ്പോലും മാറ്റങ്ങൾ ഉണ്ടാവും. പ്രത്യേകിച്ചും തുറസായ സ്ഥലങ്ങളിലാണെങ്കിൽ. അതിനാൽ തന്നെ ഇവിടെയെത്തുന്ന ഫോറൻസിക് ഫോട്ടോഗ്രാഫർ അതിസൂഷ്മമായ തെളിവുകൾ ആയിരിക്കും ഫോട്ടോകളിലൂടെ ശേഖരിക്കാൻ ശ്രമിക്കുന്നത്. ഈ ഫോട്ടോകൾ വ്യക്തമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ബുദ്ധിമാനായ ഒരു പൊലീസ് ഓഫീസർക്ക് വളരെ വേഗത്തിൽ തന്നെ കുറ്റവാളിയിലേക്ക് എത്താൻ കഴിയുകയും ചെയ്യും. കേരളത്തെ പിടിച്ചുകുലുക്കിയ കേസുകൾ ഉൾപ്പടെ നിരവധി കേസുകളാണ് ഫോട്ടോഗ്രാഫറുടെ മിടുക്കിന്റെ കൂടി സഹായത്തോടെ പൊലീസ് തെളിയിക്കപ്പെട്ടത്. അതിലാെന്നായിരുന്നു മണാശ്ശേരി ഇരട്ടക്കൊല.

ആ നീല കവർ

കോഴിക്കാേട് കടപ്പുറത്താണ് സംഭവം നടക്കുന്നത്. തീരത്ത് അടിഞ്ഞുകിടക്കുന്ന ഒരു കൈപ്പത്തി. അതിനോട് ചേർന്നുതന്നെ ഒരു നീല കവറും. ആരുടെയോ വെട്ടിമാറ്റിയ ഒരു കൈപ്പത്തിയാണെന്ന് വ്യക്തം. പക്ഷേ, ആരുടേത്? വെട്ടിയെടുത്ത് ആര്‌?. പൊലീസിനെ കുഴക്കാൻ ഇങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ അവശേഷിച്ചു. പക്ഷേ, ഒരു ഫോറൻസിക് ഫോട്ടോഗ്രാഫറുടെ ബുദ്ധിയും സാങ്കേതിക വിദ്യയും ഉണർന്ന് പ്രവർത്തിച്ചതോടെ കേരളം ഞെട്ടിയ ഒരു ഇരട്ട കൊലപാതകത്തിലേക്ക് വെളിച്ചം വീശുകയായിരുന്നു. അതായിരുന്നു മണാശ്ശേരി ഇരട്ടക്കൊല. അതീവ സമർത്ഥമായി ഒരു കൊലയാളി ആസൂത്രണം ചെയ്ത കൊലപാതകം അതിനേക്കാൾ സമർത്ഥമായി ചുരുളഴിച്ച കഥ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ നിന്നുള്ള കുറച്ചുഭാഗങ്ങൾ:

'കടപ്പുറത്ത് അടിഞ്ഞ, അറുത്തു മാറ്റിയ ഒരു കയ്യാണ് മണാശ്ശേരി ഇരട്ടക്കൊലപാതകത്തിലേക്കുള്ള വാതിൽ തുറന്നത്. അന്നു പടമെടുക്കാൻ പോയ കേരളാ പൊലീസ് ഫോട്ടോഗ്രഫർ ശ്യാംലാൽ പകർത്തിയ ചിത്രത്തിൽ എല്ലാവരും കണ്ടത് മനുഷ്യന്റെ അറുത്തുമാറ്റിയ കൈ മാത്രമായിരുന്നു. എന്നാൽ ആ കേസന്വേഷണത്തിൽ നിർണായകമായ മറ്റൊരു തെളിവു കൂടി ആ ചിത്രത്തിൽ പതിഞ്ഞിരുന്നു. അതു പക്ഷേ ആദ്യ അന്വേഷണത്തിൽ ആരും കണ്ടിരുന്നില്ല.

ഒരാഴ്ചയ്ക്കുശേഷം മറ്റൊരു ഭാഗത്തുനിന്ന് വേറൊരു കൈ കിട്ടി. ആദ്യം ലഭിച്ച കൈയുടെ ചിത്രം പരിശോധിച്ചപ്പോൾ അതിലുമുണ്ട് സമാനമായ കയറു കൊണ്ടുള്ള കെട്ടും, നീല പ്ലാസ്റ്റിക് കവറും. പിന്നീട് പലപ്പോഴായി ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി കിട്ടിയ ശരീരഭാഗങ്ങളിലെ നീല പ്ലാസ്റ്റിക് കവറിന്റെ സാന്നിധ്യം ലഭിച്ച ശരീരഭാഗങ്ങൾ ഒരാളുടേതാകാമെന്ന സൂചന നൽകി. നീല നിറത്തിലുള്ള പ്ലാസ്റ്റിക് കവറിലാക്കിയാണ് ഓരോ ശരീര ഭാഗങ്ങളും ഉപേക്ഷിക്കപ്പെട്ടിരുന്നത്.വിരലടയാളം പോലും ശേഖരിക്കാൻ കഴിയാത്ത വിധത്തിൽ അഴുകിത്തുടങ്ങിയ കൈവിരലുകളിൽനിന്ന് തിരിച്ചറിയാൻ ഉതകുന്ന സൂക്ഷ്മ രേഖകൾ നൂതനമായ മാക്രോ ഫോട്ടോഗ്രാഫി സാങ്കേതികവിദ്യയിലൂടെ പകർത്തി .

പിന്നീട് രണ്ടര വർഷത്തിനുശേഷം കോഴിക്കോട് ഫോട്ടോഗ്രാഫിക് ബ്യൂറോയിലെ ഫോട്ടോഗ്രാഫർ ഹാരിസ് ആ ഫോട്ടോകളിൽ നിന്ന് വിവിധ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഡവലപ് ചെയ്ത് വേർതിരിച്ചെടുത്ത് ഫിംഗർ പ്രിന്റിന് സമാനമായ ഫോട്ടോഗ്രാഫുകളാക്കി. അവ ഓട്ടമേറ്റഡ് ഫിംഗർ പ്രിന്റ് ഐഡന്റിഫിക്കേഷൻ സോഫ്റ്റ്‌വെയറിൽ തിരഞ്ഞപ്പോഴാണ് കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശി ഇസ്മയിലാണെന്നു വ്യക്തമായത്.


ഇസ്മയിൽ വഴി നടത്തിയ അന്വേഷണത്തിൽ മുക്കം സ്വദേശി ബിർജു സ്വത്ത് കൈക്കലാക്കാൻ സ്വന്തം അമ്മയെ ഇസ്മയിലിനെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നും , അതിനു പണം ആവശ്യപ്പെട്ട ഇസ്മയിലിനെയും കൊലപ്പെടുത്തിയെന്നും കണ്ടെത്തി. അങ്ങനെ ആ ഫോട്ടോഗ്രാഫുകൾ നിർണായകമായ ഈ കൊലക്കേസിൽ സുപ്രധാന വഴിത്തിരിവുണ്ടാക്കി'.

കാട്ടിൽപ്പോയി മൃഗങ്ങളെ വേട്ടയാടി കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ അറിവുവച്ചാണ് ബിർജു ഇസ്മായിലിനെ കൊന്ന് കഷ്ണങ്ങളാക്കിയത്. മൃതദേഹത്തിന്റെ കൈകാലുകളും തലയും അറുത്തുമാറ്റി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചതും ഈ അറിവ് വച്ചുകൊണ്ടാണ്. തെർമോക്കോൾ മുറിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു കഷ്ണങ്ങളാക്കിയത്.

അത്യാവശ്യം, പക്ഷേ..

പൊലീസിന് ഫാേറൻസിക് ഫോട്ടോഗ്രാഫർമാരുടെ സേവനം അത്യാവശ്യമാണെങ്കിലും ഇപ്പോൾ ആവശ്യത്തിന് ഫോട്ടോഗ്രാഫർമാരില്ല എന്നതാണ് സത്യം. അതിനാൽ സാധാരണ ഫോട്ടോഗ്രാഫർമാരുടെ സേവനമാണ് പലയിടങ്ങളിലും തേടുന്നത്. ഇത് നിർണായകമായ തെളിവുകളിൽ പലതും ഇല്ലതാകാൻ ഇടയാക്കിയേക്കും. ഇക്കാര്യങ്ങളെല്ലാം നന്നായി അറിയാമെങ്കിലും ആവശ്യത്തിന് ആൾക്കാരെ നിയോഗിക്കാൻ അധികാരികൾ തയ്യാറാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കാലത്തിനനുസരിച്ച് ഉദ്യോഗാർത്ഥികളുടെ യോഗ്യത പുതുക്കി നിശ്ചയിക്കുന്നതിനുപോലും തയ്യാറായിട്ടില്ല.

Advertisement
Advertisement