ഇടനിലക്കാരൻ 'കിഡ്നി  വിശ്വൻ'; സാമ്പത്തിക  പ്രയാസങ്ങൾ മൂലം 10 ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റെന്ന് തൃശൂരിലെ വീട്ടമ്മ

Wednesday 22 May 2024 4:48 PM IST

തൃശൂർ‌: വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ മൂലം വൃക്ക വിറ്റുവെന്ന് തുറന്ന് പറഞ്ഞ് തൃശൂർ മുല്ലശേരി സ്വദേശിയായ വീട്ടമ്മ. 10 ലക്ഷം രൂപയ്ക്കാണ് വൃക്ക വിറ്റതെന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലും അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നുവെന്ന വാർത്ത പുറത്തുവരുന്നതിനിടെയാണ് ഇരയായ വീട്ടമ്മയുടെ ഈ വെളിപ്പെടുത്തൽ. മുല്ലശ്ശേരിയിൽ മാത്രം രണ്ട് കൊല്ലത്തിനിടെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം ഏഴ് പേർ അവയവം വിറ്റതായാണ് വിവരം. ഇവരിൽ ഒരാളാണ് ഈ വീട്ടമ്മ.

അവയവക്കച്ചവടത്തിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന 'കിഡ്നി വിശ്വൻ' എന്നറിയപ്പെടുന്ന വിശ്വനാഥൻ എന്നയാളുടെ പേരും വീട്ടമ്മ പറയുന്നുണ്ട്. ജൂൺ 27-ാം തീയതിയാണ് അവയവദാനം നടത്തിയതെന്നും വീട്ടമ്മ പറഞ്ഞു.

വിശ്വനാഥനെ കൂടാതെ ബേബി മനോഹരൻ എന്നൊരു ഇടനിലക്കാരനെ കുറിച്ച് കൂടി പരാതിയുണ്ട്. എന്നാൽ ഇവർക്കെതിരെ ശക്തമായ വിവരങ്ങളില്ലെന്ന് പറഞ്ഞ് ഗുരുവായൂർ എസിപി അന്വേഷണം അവസാനിപ്പിച്ചുവെന്നാണ് മുല്ലശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു ആരോപിക്കുന്നത്. ദാരിദ്ര്യം മുതലെടുത്താണ് പ്രദേശത്ത് അവയവക്കച്ചവട മാഫിയ പിടിമുറിക്കിയതെന്നും ബാബു ആരോപിക്കുന്നു.

അതേസമയം,​ നെടുമ്പാശേരി അവയവക്കടത്ത് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നാണെന്ന് കേസിലെ പ്രതിയായ തൃശൂർ സ്വദേശി സാബിത്ത് നാസർ മൊഴി നൽകിയിരുന്നു.

ഇയാൾ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. ഷമീറിനെ കണ്ടെത്തി പരാതിയിൽ തുടർ നടപടികൾ എടുക്കാനാണ് തീരുമാനം. അവയവക്കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത്ത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെ, രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2019 മുതൽ പ്രതി സാബിത്ത് നാസറും സംഘവും അവയവക്കടത്തിന് ഇറാനിലേക്ക് ആളെ എത്തിച്ചിരുന്നു. ഇതിൽ 19 പേരും ഉത്തരേന്ത്യക്കാരാണ്. വൃക്ക നൽകാൻ തയ്യാറായി 2019ൽ ഹൈദാരാബദിലെത്തിയതായിരുന്നു സാബിത്ത് നാസർ. എന്നാൽ ആ നീക്കം നടന്നില്ല. പക്ഷെ അവയവ മാഫിയ സംഘങ്ങളുമായി ഇയാൾ ബന്ധമുറപ്പിച്ചു. പിന്നീട് ശ്രീലങ്കയിലും, കുവൈറ്റിലും അവിടെ നിന്ന് ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായി ഇയാൾ മാറി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്പോർട്ടും ആധാർ കാർഡും ഉൾപ്പടെ സംഘടിപ്പിച്ചായിരുന്നു പ്രതിയുടെ ഇടപാടുകളെന്ന് പൊലീസ് പറയുന്നു.

Advertisement
Advertisement