സാമൂഹ്യവനവത്കരണം: ഫണ്ട് വെട്ടിമുറിച്ചു

Thursday 23 May 2024 12:02 AM IST

കൊച്ചി: വർഷങ്ങളായി നട്ട തൈകളിലേറെയും മരമായില്ല. ഇക്കുറി ഫണ്ടും വെട്ടി മുറിച്ചു. ജില്ലയിൽ ഈ വർഷത്തെ വനംവകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണത്തിന് ലഭിക്കുക ഒരു ലക്ഷം തൈകൾ മാത്രം. 3.5 - 4 ലക്ഷം വരെ തൈകളാണ് സാധാരണ സാമൂഹ്യവനവത്കരണ വിഭാഗം വിതരണം ചെയ്യാറ്. ഇത്തവണയും അത്രത്തോളം തന്നെ ആവശ്യക്കാരുണ്ട്. പുതിയ അപേക്ഷകൾ എത്തുകയും ചെയ്യുന്നു. തൈകൾ കുറഞ്ഞതി​നാൽ അപേക്ഷി​ച്ചവർക്കെല്ലാം കുറച്ചെങ്കി​ലും വച്ച് നൽകാനാകാനാണ് ശ്രമം. സർക്കാർ സ്ഥാപനങ്ങൾക്കാണ് മുൻഗണന. അനുവദി​ക്കപ്പെട്ടാൽ കൂത്താട്ടുകുളം പാമ്പാക്കുടയി​ലെ വനംവകുപ്പ് നഴ്സറി​യി​ൽ പോയി​ വാങ്ങണം. മേയ് അവസാനത്തോടെ വി​തരണം തുടങ്ങി​യേക്കും. പണം നൽകി​യാൽ വൃക്ഷത്തൈകൾ ലഭി​ക്കുന്ന പദ്ധതിയും സോഷ്യൽ ഫോറസ്ട്രി​ വി​ഭാഗത്തി​നുണ്ട്. ഇതി​ന് നി​യന്ത്രണങ്ങളി​ല്ല.

സ്കൂളുകളി​ൽ വി​​ദ്യാവനം, നഗരങ്ങളി​ൽ നഗരവനം

സാമൂഹ്യസംഘടനകളും മറ്റും വഴി​ തൈകൾ പൊതുജനങ്ങൾക്ക് സൗജന്യമായി​ വി​തരണം ചെയ്യുന്നതായി​രുന്നു വനംവകുപ്പി​ന്റെ പതി​വ്. ഇതി​നൊപ്പം വി​ദ്യാവനം, നഗരവനം എന്ന രണ്ട് പദ്ധതി​കൾക്ക് കൂടി​ പ്രാമുഖ്യം നൽകും. സ്കൂളുകളി​ൽ വനംവച്ചുപി​ടി​പ്പി​ക്കലാണ് വി​ദ്യാവനം. താത്പര്യമുള്ള സ്കൂളുകൾക്ക് അപേക്ഷി​ക്കാം.

നഗര പ്രദേശങ്ങളി​ൽ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്നതാണ് നഗരവനം. മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്തി​ന്റെ അഞ്ചുസെന്റി​ലാണ് ഇക്കുറി​ തുടക്കം. 150 മരങ്ങളാണ് നടുക. നി​രവധി​ ക്ഷേത്രങ്ങളും പള്ളി​കളും വി​ദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പദ്ധതി​ക്കായി​ സോഷ്യൽ ഫോറസ്ട്രി​ വകുപ്പി​നെ സമീപി​ച്ചി​ട്ടുണ്ട്.

ഫലവൃക്ഷങ്ങൾക്ക് മുൻഗണന

ഇക്കൊല്ലം സൗജന്യ വി​തരണത്തി​ന് ഒരുങ്ങുന്ന വൃക്ഷത്തൈകളി​ൽ അധി​കവും ഫലവൃക്ഷങ്ങളാണ്.

• പേര

• മാതളം

• പ്ളാവ്

• നെല്ലി​

• ഞാവൽ

• സീതപ്പഴം

• ചന്ദനം

• തേക്ക്

• നീർമരുത്

55 രൂപയ്ക്ക് റമ്പൂട്ടാൻ, ചന്ദനം

വനംവകുപ്പി​ന്റെ നഴ്സറി​കളി​ൽ നി​ന്ന് തൈ ഒന്നി​ന് 55 രൂപ നൽകി​യും വലി​യ പായ്ക്കറ്റി​ൽ വളർത്തി​യ വൃക്ഷത്തൈകൾ വാങ്ങാം. ഇത് കൂത്താട്ടുകുളം പാമ്പാക്കുടയി​ലെയും കാലടി​ നീലീശ്വരത്തെയും നഴ്സറി​കളി​ലാണ് ലഭി​ക്കുക. ഇടപ്പള്ളി​ പോസ്റ്റ് ഓഫീസി​നടുത്തെ മണി​മല റോഡി​ലുള്ള വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി​ വി​ഭാഗം ഓഫീസി​ൽ ബന്ധപ്പെടാം. ഫോൺ​ : 2344761

ലഭി​ക്കുന്ന തൈകൾ: റമ്പൂട്ടാൻ, പേര, ഞാവൽ, പ്ളാവ്, നെല്ലി​, തേക്ക്, ചന്ദനം, മന്ദാരം, നീർമരുത്, ഇലഞ്ഞി​, ഉങ്ങ്.

Advertisement
Advertisement