കേരളത്തെ കാത്തിരിക്കുന്നത് അതിതീവ്ര മഴ, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Wednesday 22 May 2024 8:12 PM IST

തിരുവനന്തപുരം: ശനിയാഴ്ച വരെ സംസ്ഥാനത്തെ കാത്തിരിക്കുന്നത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കാസറകോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി, മിന്നലും, കാറ്റോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു. മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും സാധദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തമിഴ്നാട് - ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുമുണ്ട്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം വെള്ളിയാഴ്ച രാവിലെയോടെ മദ്ധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാദ്ധ്യതയുണ്ട്.

തുടര്‍ന്ന് വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്ന മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Advertisement
Advertisement