മത്സ്യക്കുരുതി: പ്രതിഷേധം കനക്കുന്നു

Thursday 23 May 2024 12:21 AM IST

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനുനേരെ ചീഞ്ഞ മീൻ എറിഞ്ഞ് പ്രതിഷേധം. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോ‌ർഡ് ഓഫീസിലേക്കാണ് മത്സ്യകർഷകർ മീനെറിഞ്ഞ് പ്രതിഷേധിച്ചത്. സമരം ചെയ്തവരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

പെരിയാർ സംഭവത്തിൽ ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിനാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം.

ഇനി മനുഷ്യരായിരിക്കും ചാകാൻ പോകുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. മത്സ്യ കർഷകരും കോൺഗ്രസ് പ്രവർത്തകരും എ.ഐ.വൈ.എഫ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരുമാണ് പ്രതിഷേധിച്ചത്. ടി.ജെ. വിനോദ് എം.എൽ.എയും ഡി.സി.സി സെക്രട്ടറി മുഹമ്മദ് ഷിയാസും ഉൾപ്പെടെയുള്ളവർ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരുമായി ചർച്ച നടത്തി.

മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതോടെ പെരിയാർ വലിയ തോതിൽ മലിനമായി. ഈ മത്സ്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കണം എന്നും കർഷകർ ആവശ്യപ്പെട്ടു. പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. നാളെ സബ് കളക്ടറുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ സന്ദർശിക്കും.

കുഫോസ് അന്വേഷിക്കും

പെരിയാറിലെ മത്സ്യക്കുരുതി കുഫോസിലെ അഞ്ചംഗ സംഘം അന്വേഷിക്കും. ഇവർ 24ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വൈസ് ചാൻസലറുടെ നിർദ്ദേശം. ഡോ. ബിനു വർഗീസ്, ഡോ. അനു ഗോപിനാഥ്, ഡോ. എം.കെ. സജീവൻ, ഡോ. ദേവിക പിള്ള, ഡോ. എം.പി. പ്രഭാകരന എന്നിവർക്കാണ് അന്വേഷണ ചുമതല. സംഭവ ദിവസം തന്നെ സംഘം സ്ഥലത്ത് നിന്ന് മീൻ, വെള്ളം, മണ്ണ് എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. സ്ഥലത്ത് ഓക്സിജന്റെ അളവ് കുറവായിരുന്നുവെന്ന് സംഘം കണ്ടെത്തി. മീനിന്റെ ചെകിളയിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇത് ഓക്സിജന്റെ അളവ് കുറഞ്ഞതുകൊണ്ടാണോ രാസമാലിന്യം കലർന്നതുകൊണ്ടാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. രണ്ടിലൂടെയും ഇത് സംഭവിക്കാം. രണ്ടുദിവസത്തിനുള്ളിൽ അന്തിമ ഫലം വരും.

സ്ഥാപനം പൂട്ടിച്ചു

പുഴയിലേക്ക് മാലിന്യം തള്ളിയോ എന്നറിയാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഏലൂരിലെ വ്യവസായ സ്ഥാപനങ്ങളിൽ എൻവയോൺമെന്റൽ എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എടയാറിലെ അലയൻസ് മറൈൻ ഇൻഡസ്ട്രി എന്ന സ്ഥാപനത്തിൽ നിന്ന് മലിനജലം പുഴയിലേക്ക് ഒഴുക്കി വിട്ടതായി പരിശോധനയിൽ കണ്ടെത്തി. ഇതിൽ രാസമാലിന്യം അടങ്ങിയിട്ടില്ല. സ്ഥാപനം പൂട്ടാൻ അധികൃതർ നോട്ടീസ് നൽകി.

നടപടി എടുക്കും

ഏതെങ്കിലും സ്ഥാപനത്തിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ യോഗങ്ങൾ കൂടാൻ പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ കളക്ടറോട് യോഗം ചേരാൻ ആവശ്യപ്പെട്ടത്. സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. സംഭവം അതീവ ഗൗരവമുള്ളതാണെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement