ഗുരുവിന്റെ തൃക്കൈകൾ തഴുകിയ പേന 26ന് വാഷിംഗ്ടൺ ആശ്രമത്തിൽ സ്ഥാപിക്കും

Thursday 23 May 2024 4:28 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകൾ തഴുകിയ ഫൗണ്ടൻ പേന വടക്കേ അമേരിക്കയിലെ വാഷിംഗ്ടണിലുള്ള ശ്രീനാരായണഗുരു ആശ്രമത്തിൽ 26ന് സ്ഥാപിക്കും. ഇന്ന് പുലർച്ചെ പേനയുമായി മുൻ നിയമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീല ആർ. ചന്ദ്രനും മകൻ സുപ്രീംകോടതി അഭിഭാഷകൻ വിഷ്ണുശർമ്മയും അമേരിക്കയിലേക്ക് തിരിച്ചു.

വടക്കേ അമേരിക്കയിലെ ശ്രീനാരായണ ഗുരു ആശ്രമത്തിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 26 ന് പേന ആശ്രമത്തിന് കൈമാറും. ഉള്ളൂർ ശ്രീധർമ്മ നിലയത്തിലെ പൂജാമുറിയിൽ പ്രത്യേക പെട്ടിയിൽ പവിത്രതയോടെ സൂക്ഷിച്ചിരിക്കുകയായിരുന്നു പേന. വത്സല ശിഷ്യനായ 'ഭൃഗു'വിന് (വി.ഭാർഗ്ഗവൻ വൈദ്യർ) വിദ്യാഭ്യാസ കാലത്ത് ഗുരുദേവൻ സമ്മാനിച്ചതാണ് കറുത്ത പാർക്കർ പേന. വൈദ്യരുടെ മുപ്പതാം ചരമവാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ പുത്രി എൽ.നിർമ്മലാദേവിയിൽ നിന്ന് സ്വാമി ഗുരുപ്രസാദ് പേന ഏറ്റുവാങ്ങിയത്.

തിരുവനന്തപുരം കുളത്തൂരിൽ ജനിച്ച ഭാർഗ്ഗവനെ എട്ടാം വയസിലാണ് ശ്രീനാരായണ ഗുരു ശിവഗിരിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഗുരുവിൽ നിന്ന് സംസ്‌കൃതവും വേദാന്തവും തത്വചിന്തയുമൊക്കെ പഠിക്കാൻ ഭാർഗ്ഗവന് സാധിച്ചു. അന്ന് ശിവഗിരി മഠത്തിലുണ്ടായിരുന്ന നടരാജഗുരു ഇംഗ്ലീഷും പഠിപ്പിച്ചു. ഗുരുദേവനൊപ്പം തുടർച്ചയായി യാത്ര ചെയ്ത വേളയിലാണ് ഗുരുദേവൻ പേന സമ്മാനിച്ചത്. വിദേശത്തു നിന്നും നിരവധി പ്രമുഖർ ഗുരുവിനെ കാണാൻ അക്കാലത്ത് എത്തിയിരുന്നു. മഹാകവി രവീന്ദ്രനാഥ ടാഗോറും സെക്രട്ടറി സി.എഫ്.ആൻഡ്രൂസും ഗുരുവിനെ സന്ദർശിക്കുന്നതും ഇക്കാലയളവിലാണ്. അവരിലാരോ ഗുരുവിന് കാണിക്കയായി സമർപ്പിച്ചതാണ് പേന. 1994ൽ 93ാം വയസിൽ വൈദ്യർ മരണപ്പെട്ടതോടെയാണ് പേന പൂജാമുറിയിൽ സൂക്ഷിച്ചത്. വൈദ്യരുടെ ചെറുമകൾ ഷീല ആർ. ചന്ദ്രൻ പേനയുടെ സൂക്ഷിപ്പുകാരിയായി.

Advertisement
Advertisement