 കൊവിഡ് ചികിത്സയ്ക്ക് പണം നൽകിയല്ല: സ്റ്റാർ ഹെൽത്ത് 76,000 രൂപ നഷ്ടപരിഹാരം നൽകണം

Thursday 23 May 2024 4:43 AM IST

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് ഇൻഷ്വറൻസ് ആനുകൂല്യം നൽകിയില്ലെന്ന പരാതിയിൽ ചികിത്സാ ചെലവും കോടതിച്ചെലവുമടക്കം സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനി 76,000 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. ക്യാഷ്‌ലെസ് ചികിത്സയ്ക്ക് അവകാശമുണ്ടായിട്ടും ചെലവ് നൽകാതിരുന്ന കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമ്മികമായ കച്ചവടരീതിയുമാണെന്ന് ഉത്തരവിൽ പറയുന്നു.

പുത്തൻകുരിശ് സ്വദേശി റെജി ജോൺ സമർപ്പിച്ച പരാതിയിൽ ഡി.ബി. ബിനു പ്രസിഡന്റും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കോടതിയാണ് വിധിപറഞ്ഞത്.

2021 ജനുവരിയിൽ ഡെങ്കിപ്പനിയും കൊവിഡും ബാധിച്ചാണ് ചികിത്സതേടിയത്.

ക്ലെയിം അനുവദിക്കുന്നതിന് ആവശ്യമായ മുഴുവൻ രേഖകളും ഹാജരാക്കിയില്ലെന്ന കമ്പനിയുടെ വാദം കോടതി തള്ളി. പോളിസിയിൽ ഒപ്പിടുന്നതിന് മുൻപ് അതിലെ ഓരോ വ്യവസ്ഥയും സാധാരണക്കാരൻ പൂർണ്ണമായും മനസ്സിലാക്കുമെന്ന് കരുതാനാവില്ല. പോളിസി വ്യവസ്ഥ അവ്യക്തവും രണ്ട് വ്യാഖ്യാനങ്ങൾ സാദ്ധ്യവുമായ സാഹചര്യങ്ങളിൽ ഉപഭോക്താവിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് അഭികാമ്യമെന്ന സുപ്രീം കോടതിയുടെ നിലപാടും ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി.

Advertisement
Advertisement