ഡി സ്പേസിന്റെ ഏഷ്യയിലെ ആദ്യ സെന്റർ കേരളത്തിൽ ,​ നേട്ടം ബംഗളുരു,​ ചെന്നൈ,​ പൂനെ എന്നിവയെ മറികടന്ന്

Wednesday 22 May 2024 8:58 PM IST

തിരുവനന്തപുരം: ഓട്ടോമേഷൻ ആൻഡ് സ്പേസ് മേഖലയിൽ ലോകത്തെ തന്നെ മുൻനിര കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസിന്റെ ഏഷ്യയിലെ ആദ്യ സോഫ്റ്റ്‌വെയർ ഡെവലപ്മെൻ്റ് സെന്റർ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി പി. രാജീവാണ് ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

കണക്റ്റഡ് ഓട്ടോമേറ്റഡ്, ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായ ഡി സ്പേസ് ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്ക് പുറത്ത് അവരുടെ മൂന്നാമത്തെ സെന്ററാണ് കേരളത്തിൽ സ്ഥാപിച്ചത്. ബംഗളൂരു, ചെന്നൈ, പൂനെ തുടങ്ങി ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചതിന് ശേഷമാണ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കാൻ കമ്പനി തീരുമാനിച്ചത്. കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കാൻ മികച്ച അന്തരീക്ഷം ലഭ്യമാണെന്ന് കൂടിക്കാഴ്ചയിൽ കമ്പനിയുടെ വൈസ് പ്രസിഡൻ്റ് ബേൺഡ് ഷാഫേഴ്സ് അഭിപ്രായപ്പെട്ടത് നമ്മുടെ നാടിനെക്കുറിച്ച് വ്യവസായലോകത്തിലാകെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മതിപ്പ് തുറന്നുകാണിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി,​

ലോകോത്തര വാഹന നിർമ്മാതാക്കളായ പോർഷെ, ബി എം ഡബ്ല്യു, ഓഡി, വോൾവോ, ജാഗ്വാർ ഉൾപ്പെടെയുള്ള പ്രമുഖർ ഡി-സ്പേസിൻ്റെ ഉപഭോക്താക്കളാണ്. കേരളത്തിൽ പുതുതായി ആരംഭിച്ചിരിക്കുന്ന ഫ്രഞ്ച് വിമാന എൻജിൻ നിർമ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ സാഫ്രാനും ഡി സ്പേസിൻ്റെ ഉപഭോക്താക്കളിലൊരാളാണ്. ഐ.ടി/എ.ഐ മേഖലയിൽ ഗവേഷണം നടത്തുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളിലൂന്നിക്കൊണ്ട് ഉപകരണങ്ങളുടെ ഹാർഡ് വെയർ, സോഫ്റ്റ് വെയർ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് കേരളത്തിൽ ഡി-സ്പേസ് പ്രവർത്തനമാരംഭിക്കുന്നത്.

പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളിലും ഇത് കൂടാതെ മെഡിക്കൽ ടെക്നോളജി, വ്യോമയാനം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാൻ സാധിക്കും. മുപ്പത് വർഷത്തെ പരിചയസമ്പത്തുള്ള ഡി-സ്പേസ് 9 രാജ്യങ്ങളിലായി 2600ൽ പരം പേർക്ക് ജോലി നൽകുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തുള്ള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ ആരംഭിച്ചിരിക്കുന്ന കമ്പനി ആദ്യഘട്ടത്തിൽ 10,000 ചതുരശ്ര അടിയിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

Advertisement
Advertisement