കനത്ത മഴയിൽ വീണ്ടും ഇടിഞ്ഞ് വീരമലക്കുന്ന്

Thursday 23 May 2024 12:08 AM IST
ചെറുവത്തൂർ വീരമല കുന്ന് വീണ്ടും ഇടിഞ്ഞപ്പോൾ ഇന്നലെ വൈകുന്നേരം മണ്ണ് നീക്കം ചെയ്യുന്ന കമ്പനി ജെ സി ബിയും ലോറിയും കാണാം

സ്ഥലം മാറിയതിനാൽ തൊഴിലാളികൾ രക്ഷപ്പെട്ടു

ചെറുവത്തൂർ: കനത്ത മഴയിൽ മയ്യിച്ച വീരമലക്കുന്ന് വീണ്ടും ഇടിഞ്ഞു. ദേശീയപാത നിർമ്മാണത്തിനിടെ വീരമലക്കുന്ന് ഇടിഞ്ഞുതാഴുന്നത് ഇത് നാലാം തവണ. ബുധനാഴ്ച ഉച്ചയ്ക്ക് പെയ്ത കനത്ത മഴയിലാണ് വീരമലക്കുന്നിന്റെ തെക്കുഭാഗത്തുള്ള കരിങ്കൽ പാളിയും കറുത്ത മണ്ണും ഇടിഞ്ഞത്. നേരത്തെ ഇവിടെ ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലാളികൾ മയ്യിച്ച പാലത്തിന് അടുത്തുള്ള ഭാഗത്തെ കുന്നിൻചെരുവിൽ കോൺക്രീറ്റ് ഭിത്തി പണിയുന്നിടത്തേക്ക് മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

മണ്ണിടിഞ്ഞതിനെ തുടർന്ന് ഭിത്തി പണിയാൻ കെട്ടിയിരുന്ന കമ്പിവേലി മുഴുവൻ തകർന്നിട്ടുണ്ട്. വീരമലക്കുന്നിന്റെ മുകളിലേക്ക് കയറിപ്പോകുന്ന റോഡിന്റെ തൊട്ടടുത്താണ് ഭീകരമായ മണ്ണിടിച്ചൽ ഉണ്ടായത്. കഴിഞ്ഞ ഏപ്രിൽ 29ന് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റത് ഇതേ സ്ഥലത്താണ്.

ഇന്നലെ മണ്ണിടിച്ചൽ ഉണ്ടായ ഉടനെ മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും എത്തിച്ച് മണ്ണ് നീക്കം ചെയ്യാൻ കരാർ കമ്പനി ശ്രമിച്ചിരുന്നു. വീരമലക്കുന്നിന്റെ സൈഡിൽ സർവീസ് റോഡിനോട് ചേർന്ന് കോൺക്രീറ്റ് മതിൽ കെട്ടുന്ന ജോലി നടക്കുകയാണ്. ഇതിന് ഫൗണ്ടേഷൻ ഇടുന്നതിനും കമ്പിവേലി കെട്ടുന്നതിനും കുന്നിന്റെ താഴെയായി വലിയകുഴി എടുത്തിരുന്നു. നല്ല നീരൊഴുക്കുള്ള സ്ഥലമായ ഇവിടെ കുഴി എടുക്കുമ്പോൾ കനത്ത മഴപെയ്യുമെന്ന അറിയിപ്പിൽ ജാഗ്രത പാലിക്കുകയോ വേണ്ടത്ര മുൻകരുതൽ സ്വീകരിക്കുകുയോ ചെയ്യാത്തതാണ് കുന്നിടിച്ചൽ തുടരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Advertisement
Advertisement