മഴയിൽ മുങ്ങി കൊച്ചിനഗരം

Thursday 23 May 2024 12:37 AM IST

കൊച്ചി: ഇന്നലെ ഉച്ചയോടെ തുടങ്ങി നിറുത്താതെ പെയ്ത മഴയിൽ നഗരത്തിലടക്കം വെള്ളക്കെട്ടും ഗതഗാതകുരുക്കും രൂക്ഷമായി. എറണാകുളം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. രവിപുരത്തടക്കം വൈദ്യുത ലൈനിലേക്ക് മരം ഒടിഞ്ഞുവീണു.

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയായി. സലീംരാജൻ മേൽപ്പാലം അവസാനിക്കുന്നിടത്തും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതക്കുരുക്കുമുണ്ടായി. എം.ജി റോഡിൽ മണിക്കൂറുകളോളം വെള്ളക്കെട്ട് നീണ്ടുനിന്നു.

സലീം രാജൻ റോഡ്, ഗാന്ധിനഗർ കോളനി, പി ആൻഡ് ടി കോളനി എന്നിവിടങ്ങളിലും വെള്ളകയറി. കടവന്ത്ര, പുല്ലേപ്പടി റോഡ്, ഇടപ്പള്ളി, നഗരത്തിലെ വിവിധ ഇടറോഡുകൾ എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. മഴ ശക്തമായതോടെ കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിരുവാങ്കുളം, തൃപ്പൂണിത്തുറ ഭാഗങ്ങളിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽ അകപ്പെട്ടു. കടവന്ത്ര, വൈറ്റില എന്നിവിടങ്ങളിലും പേട്ട, എസ്.എൻ ജംഗ്ഷൻ തുടങ്ങിയ മേഖലകളിലും വെള്ളക്കെട്ടുണ്ടായി. കലൂർ കതൃക്കടവ് കടവന്ത്ര റോഡിൽ വെള്ളത്തിലൂടെ സഞ്ചരിച്ച വാഹനങ്ങൾ തകരാറിലായി. കമ്മട്ടിപ്പാടം ഭാഗത്തും രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തീകരിച്ചു എന്ന് പറഞ്ഞത് വസ്തുത വിരുദ്ധമാണെന്ന് ഇന്നലെ പെയ്ത മഴ തെളിയിച്ചുവെന്ന് കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ പാർലമെന്ററി പാർട്ടി സെക്രട്ടറി എംജി അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു. പമ്പുകളും മോട്ടറുകളും പ്രവർത്തിക്കാതിരുന്നതും പെട്ടിയും പറയും പ്രവർത്തിക്കാതിരുന്നതും വെള്ളക്കെട്ട് രൂക്ഷമാക്കിയെന്ന് ഇരുവരും പറഞ്ഞു.

Advertisement
Advertisement