വൃദ്ധയുടെ കൊല : അമ്മയ്‌ക്കും മകനും കൂട്ടാളിക്കും വധശിക്ഷ

Thursday 23 May 2024 4:40 AM IST

ശാന്തകുമാരി കൊലക്കേസ് അപൂർവങ്ങളിൽ അപൂർവം

നെയ്യാറ്റിൻകര : വിഴിഞ്ഞം മുല്ലൂർ തോട്ടം ആലുമൂട് വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ശാന്തകുമാരിയെ (74) കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം മൃതദേഹം തട്ടിൻപുറത്ത് ഒളിപ്പിച്ച കേസിൽ അമ്മയും മകനും ഉൾപ്പെടെ മൂന്ന് പ്രതികൾക്കും വധശിക്ഷ. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ റഫീക്ക (51) മകൻ ഷെഫീഖ് (27), സുഹൃത്തായ പാലക്കാട് പട്ടാമ്പി വിളയൂർ വള്ളികുന്നത്തു വീട്ടിൽ അൽ അമീൻ (27)എന്നിവർക്കാണ് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു.

ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ, കവർച്ച എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

2022 ജനുവരി 14നാണ് സംഭവം. ശാന്തകുമാരിയുടെ മകൻ ഹോട്ടൽ വ്യവസായിയും മകൾ ആന്ധ്രപ്രദേശിലുമാണ്. വിധവയായ ശാന്തകുമാരിയുടെ ആഭരണങ്ങൾ കവരാൻ അയൽ വീട്ടിലെ വാടകക്കാരായ പ്രതികൾ കൊല ആസൂത്രണം ചെയ്യുകയായിരുന്നു. ഒന്നാം പ്രതി റഫീക്ക ശാന്തകുമാരിയുമായി സൗഹൃദത്തിലായ ശേഷം വാടക വീട്ടിൽ വിളിച്ചുവരുത്തി. ഷെഫീഖും അൽ അമീനും ചേർന്ന് കഴുത്തിൽ തുണി കുരുക്കി ഞെരിച്ചു. റഫീക്ക ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. അൽ അമീൻ അതേ ചുറ്റിക ഉപയോഗിച്ച് നെറ്റിയിലും തലയിലും അടിച്ചു കൊലപ്പെടുത്തി. മൃതദേഹത്തിൽ നിന്ന് സ്വർണ്ണ മാല, വളകൾ, മോതിരം, കമ്മലുകൾ എന്നിവ കവർന്ന ശേഷം വീടിന്റെ ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്കും തട്ടിനും ഇടയിൽ ഒളിപ്പിച്ചു. ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.

കുറച്ചു സ്വർണം വിഴിഞ്ഞം അഞ്ജനാ ജ്വല്ലറിയിൽ വിറ്റ ശേഷം തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഹോട്ടൽ അമലാസ് റെസിഡൻസിയിൽ എ.സി മുറി എടുത്തു താമസിച്ചു.

തുടർന്ന് തൃശൂർ ബസിൽ കടന്ന പ്രതികളെ വിഴിഞ്ഞം പൊലീസ് കഴക്കൂട്ടത്തു വച്ചു കസ്റ്റഡിയിൽ എടുത്തു. സി.സി.ടിവി ദൃശ്യങ്ങളാണ് തെളിവായത്. പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ ഹാജരായി.

14കാരിയെയും തലയ്ക്കടിച്ചു കൊന്നു

ശാന്തകുമാരിയുടെ കൊലയ്‌ക്ക് ഒരു വർഷം മുൻപ് കോവളം പൊലീസ് സ്റ്റേഷൻ പരിധിയിൽ 14കാരിയെ ചുറ്റികയ്‌ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലും ഇവർ പ്രതികളാണ്. ഷെഫീഖ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തത് പുറത്ത് പറയാതിരിക്കാനായിരുന്നു കൊല. ശാന്തകുമാരി കേസ് അന്വേഷണത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. പെൺകുട്ടിയുടെ വീടിന് സമീപത്തായിരുന്നു പ്രതികളുടെ താമസം.

Advertisement
Advertisement