ബിജു പ്രഭാകർ കെ.എസ്.ഇ.ബി ചെയർമാൻ, ഐ.എ.എസുകാർക്ക് മാറ്റം

Thursday 23 May 2024 4:43 AM IST

തിരുവനന്തപുരം: വ്യവസായ സെക്രട്ടറിയായിരുന്ന ബിജു പ്രഭാകറിനെ കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വങ്ങളുടെ കമ്മിഷണർ ചുമതലയിൽ തുടരും. റെയിൽവേ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതലയും ഉണ്ടാവും.

കെ.എസ്.ഇ.ബി ചെയർമാനായിരുന്ന രാജൻ എൻ. ഖോബ്രഗഡെയെ ആരോഗ്യ സെക്രട്ടറിയാക്കി. കൊവിഡ് കാലത്ത് ആരോഗ്യ സെക്രട്ടറിയായിരുന്നു ഖോബ്രഗഡെ.
ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷാണ് പുതിയ വ്യവസായ സെക്രട്ടറി. വഖഫ് കാര്യ ചുമതലയും അദ്ദേഹത്തിനാണ്. ആയുഷ് സെക്രട്ടറിയുടെ അധികച്ചുമതലയും വഹിക്കും. തൊഴിൽ സെക്രട്ടറിയായ കെ. വാസുകിക്ക് നോർക്കയുടെ ചുമതല കൂടി നൽകി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റാറില്ല. വ്യവസായ,​ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഴിച്ചുപണിക്ക് സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്.

Advertisement
Advertisement