ജൂൺ 9 അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം
തിരുവനന്തപുരം:സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തും. 52 ദിവസത്തെ നിരോധനം ജൂലായ് 31 അർദ്ധരാത്രി അവസാനിക്കും.
മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.
നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വളളം അനുവദിക്കും. എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഹാർബറുകളിൽ ജൂൺ എട്ടിന് പ്രവേശിപ്പിക്കണം. ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും ഡീസൽ ബങ്കുകൾ എട്ടിന് അടക്കും. ഇൻബോർഡ് വള്ളങ്ങൾക്കായി മത്സ്യ ഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ പ്രവർത്തിക്കും.
നിരോധനവേളയിൽ നീണ്ടകര ഹാർബർ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഈ വർഷവും തുറന്നുകൊടുക്കും.
തീരദേശ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പൊലീസ് ,ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്