ആനപ്പേടിമാറാതെ കരിമ്പ മേഖല

Thursday 23 May 2024 1:56 AM IST

കല്ലടിക്കോട്: വനപാലകർ കാടുകയറ്റിയ കാട്ടാന വീണ്ടും ജനവാസ മേഖലയിലെത്തിയതിന്റെ ആശങ്കയിലാണ് കരിമ്പ മലയോര മേഖല. കരിമ്പ മൂന്നേക്കർ മണലിൽ പ്രദേശത്താണ് കഴിഞ്ഞ ദിവസം വീണ്ടും കാട്ടുകൊമ്പൻ ഇറങ്ങി പരാക്രമം നടത്തിയത്. പ്ലാവിന്റെ ചില്ലകൾ പറിച്ചിട്ടും വാഴപിഴുതിട്ടും ദീർഘനേരം ജനങ്ങളെ പരിഭ്രാന്തരാക്കി.

പകൽ സമയത്ത് പ്രദേശത്ത് ഭീതി പരത്തിയ ഒറ്റയാനെ നാട്ടുകാരും വനംവകുപ്പ് ദ്രുതകർമ സേനയും ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കാടുകയറ്റിയത്. പുലർച്ചെ മൂന്നോടെ ഒറ്റയാൻ വൈദ്യുതി വേലികൾ തകർത്ത് ജനവാസ പ്രദേശങ്ങളിലെത്തുകയായിരുന്നു. പുളിമൂട്ടിൽ സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തെത്തിയ ആന വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതോടെ സമീപത്തുള്ള തൊഴുത്തിന്റെ ഷീറ്റ് തകർത്തുകൊണ്ട് തൊട്ടടുത്ത കൃഷിയിടത്തിലേക്ക് കടന്നു. രാപകൽ വ്യത്യാസമില്ലാതെ വിഹരിക്കുന്ന കാട്ടുകൊമ്പൻ പ്രദേശവാസികളിലാകെ ആശങ്ക പരത്തുന്നുണ്ട്. കാട്ടാനകളെ പേടിച്ച് ചക്ക പോലും പാകമാവും മുമ്പ് പലരും പറിച്ച് മാറ്റുകയാണ്. ഒരാഴ്ചക്കാലം ശാന്തനായി കണ്ട കാട്ട് കൊമ്പൻ കാടിറങ്ങിയത് ഇക്കുറി കലി തുള്ളിയാണ്. കൃഷിയും നശിപ്പിക്കുന്നത് തുടരുന്നതിൽ ആശങ്കയിലാണ് ജനം. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടാനയെ തുരത്തുന്നതിന് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കരിമ്പ പഞ്ചായത്തിലെ മലയോര ഗ്രാമങ്ങൾ മണ്ണാർക്കാട്, പാലക്കാട് വനം ഡിവിഷനുകളിലാണ് ഉൾപ്പെടുന്നത്.

 കാട്ടാന പതിവായി ഇറങ്ങുന്ന മീൻവല്ലം, കൂമംകുണ്ട്, തുടിക്കോട് എന്നിവിടങ്ങളിൽ സൗര വേലി സ്ഥാപിക്കാൻ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഇനിയും പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല.

 കല്ലടിക്കോട് വനത്തിലെ ആനത്താരകളുടെ സംരംക്ഷണത്തിനും പദ്ധതി ആവിഷ്‌ക്കരിച്ചിട്ടില്ല.

 രണ്ട് ഘട്ടങ്ങളിലായി പൂർത്തികരിച്ച സൗരോർജ തൂക്കുവേലി ഒരു വർഷക്കാലം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇവയിൽ കാട്ടുവള്ളികൾ പടർന്ന് പ്രവർത്തനക്ഷമത കുറഞ്ഞു.

Advertisement
Advertisement