നശിപ്പിച്ചത് 7212 കിലോ മത്സ്യം,​ നാം കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടെ മായം,​ കണക്കുകൾ ഇങ്ങനെ

Wednesday 22 May 2024 10:44 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷംം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത് വൻക്രമക്കേടുകൾ. കഴിഞ്ഞ വർഷം നടത്തിയ 65423 പരിശോധനകളിൽ നിന്ന് 4,05,45,150 രൂപയാണ് വകുപ്പ് പിഴയായി ഈടാക്കിയത്. വിവിധയിടങ്ങളിൽ നിന്നായി 37763 നിരീക്ഷണ സാമ്പിളുകൾ പരിശോധനകളിൽ പിടിച്ചെടുത്തിരുന്നു. 760 പേർക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി 7,343 തിരുത്തൽ നോട്ടീസുകളും 9,642 കോമ്പൗണ്ടിംഗ് നോട്ടീസുകളും 438 മെച്ചപ്പെടുത്തൽ നോട്ടീസുകളും നൽകി

ഷവർമ ഉത്‌പാദന വിതരണ കേന്ദ്രങ്ങളിൽ മാത്രം 6,531 പരിശോധനകൾ നടത്തി. മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 2,064 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇവരിൽ നിന്ന് 85,62,600 രൂപ പിഴ ഈടാക്കി. ഇക്കാലയളവിൽ 448 സ്ഥാപനങ്ങളിൽ പ്രത്യേക ദൗത്യസംഘം പരിശോധന നടത്തി. സ്‌കൂൾ പരിസരങ്ങളിലെയും ആശുപത്രി കാൻ്റീനുകളിലെയും കടകൾ കേന്ദ്രീകരിച്ചായിരുന്നു ഈ സ്‌ക്വാഡുകളുടെ പരിശോധന. സ്‌കൂൾ പരിസരങ്ങളിലെ 116 സ്ഥാപനങ്ങളിൽ നിന്ന് 721 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

ശുദ്ധമായ മത്സ്യം ഉപഭോക്താക്കൾക്ക് ഉറപ്പാക്കാൻ 'ഓപ്പറേഷൻ മത്സ്യ' യിലൂടെ 5,276 പരിശോധനകൾ നടത്തി. ഗുണനിലവാരമില്ലാത്ത 7,212 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. വിവിധ മത്സ്യ സ്റ്റാളുകളിൽ നിന്ന് 2,58,000 രൂപ പിഴ ഈടാക്കി. ഭക്ഷണപ്പൊതികളുടെ ലേബലിംഗ് നിർബന്ധമാക്കി, ഇത് ഉറപ്പാക്കാൻ നടത്തിയ' ഓപ്പറേഷൻ ലേബൽ' വഴി 791 പരിശോധനകൾ പൂർത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് 122 കേസെടുത്തു. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷം ഓണം, ക്രിസ്മസ്, പുതുവത്സരം എന്നിവയിൽ ചെക്ക്പോസ്റ്റുകളിൽ ഉൾപ്പെടെ പ്രത്യേക പരിശോധനകൾ നടത്തിയതായും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Advertisement
Advertisement