ആവർത്തിച്ചുള്ള ചികിത്സാപിഴവ് കുറ്റക്കാർ ഡോക്ടർമാരോ?

Thursday 23 May 2024 12:01 AM IST
dr

സർക്കാർ മെഡിക്കൽ കോളേജുകളിലെ ആവർത്തിച്ചുള്ള ചികിത്സാപിഴവുകളുടെ യാഥാർത്ഥ കാരണം ഡോക്ടർമാരുടെ ജാഗ്രതക്കുറവ് മാത്രമാണോ?. അതോ ആരോഗ്യസംവിധാനത്തിന്റെ കുഴപ്പമോ?

ശരിയായ ചികിത്സ ലഭിക്കുകയെന്നത് ഒരു രോഗിയുടെ അവകാശമാണ്. രോഗമറിഞ്ഞ് ചികിത്സിക്കുകയെന്നത് ഡോക്ടറുടെ കടമയും. ഇത് മനസറിഞ്ഞ് ചെയ്യുന്നവർ കൂടിയാണ് ഡോക്ടർമാർ. അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യുമ്പോഴും ചികിത്സാഫലം തങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി വരുമ്പോൾ, ഡോക്ടർമാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് രോഷാകുലരായ രോഗികളും ബന്ധുക്കളും ആരോഗ്യപ്രവർത്തകർക്ക് നേരേ നടത്തുന്ന ആക്രമണങ്ങളും കൂടിവരികയാണ്. തങ്ങളുടെ മുന്നിലെത്തുന്ന രോഗിക്ക് കരുതിക്കൂട്ടി കുഴപ്പങ്ങൾ വരുത്തിവയ്ക്കില്ലെന്ന് ഡോക്ടർമാർ പറയുമ്പോഴും കുത്തഴിഞ്ഞ ആരോഗ്യ സംവിധാനത്തിൽ അത് പാലിക്കപ്പെടാതെ പോകുകയാണ്.

@ ജോലിയിലെ സമ്മർദ്ദം, തിരക്ക്


മെഡിക്കൽ കോളേജുകളിലെ അന്തരീക്ഷവും, രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനയും, രോഗികൾക്ക് ആനുപാതികമായി ജീവനക്കാരില്ലാത്തതും ഡോക്ടർമാർ, നഴ്‌​സുമാർ തുടങ്ങിയവരുടെ മനോവീര്യം നഷ്ടമാക്കുകയും ആരോഗ്യ​പരിചരണ വ്യവസ്ഥയെത്തന്നെ താളംതെറ്റിക്കുകയും ചെയ്യുന്നുണ്ട്. ഓരോ ഡോക്ടർക്കും എണ്ണമറ്റ രോഗികൾക്ക് ഒരേസമയം ചികിത്സ നൽകേണ്ടിവരുമ്പോൾ പരിമിതികളുണ്ട്. ജോലി ഭാരം കൂടുന്നതിനനുസരിച്ച് അവരും യാന്ത്രികമാകുന്നു. നമ്മുടെ നാട്ടിൽ ഇപ്പോഴും 1960കളിലെ രോഗി-ഡോക്ടർ അനുപാ
തമാണുള്ളത്. ആ അനുപാതത്തിലും കുടുതലാണ് രോഗികളുടെ എണ്ണം.പല ആശുപത്രികളിലും ഡോക്ടർമാരുടെ ധാരാളം ഒഴിവുകൾ നികത്തപ്പെടാനുണ്ട്.

സർക്കാർ ആശുപത്രികൾ മികവിന്റെ കേന്ദ്രങ്ങളായതോടെ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും കൂടി. ചികിത്സാപ്പിഴവുകൾ വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് രോഗികളുടെ എണ്ണം വളരെ കൂടിയതുമാണ്. ഡോക്ടർമാരുടെ തൊഴിൽസമ്മർദ്ദവും ഇതനുസരിച്ച് കൂടുന്നു. 16 മുതൽ 25 വരെ സർജറി ഒരുദിവസം ചെയ്ത ഡോക്ടർക്കാണ് നിർഭാഗ്യവശാൽ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ശ്രദ്ധക്കുറവും പിഴവും പറ്റിയത്. ഒ.പിയിലും വാർഡുകളിലും ഐ.സി.യുവിലും ഓപ്പറേഷൻ തിയേറ്ററിലും കൂടുതൽ ഡോക്ടർമാരെ നിയമിക്കണം. ഇതുമൂലം പൊതുജനങ്ങൾക്ക് നല്ല ചികിത്സകിട്ടാനും സാഹചര്യമുണ്ടാവും.

ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങളും വർദ്ധിക്കുകയാണ്. ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെട്ടാൽ നിയമ നടപടികൾ പെട്ടെന്നുണ്ടാകുമെന്ന ബോദ്ധ്യം സമൂഹത്തിനുണ്ടായെങ്കിൽ മാത്രമേ ആക്രമണ പ്രവണതയ്ക്ക് അറുതി വരുത്താനാകൂ.

''ഡോക്ടർമാർ അവരുടെ കടമ നൂറ് ശതമാനവും നിർവഹിക്കുന്നുണ്ട്. ഒരു ഡോക്ടറും കരുതിക്കൂട്ടി രോഗിക്ക് ആപത്ത് വരുത്തുന്നില്ല. ജോലി ഭാരവും, ജീവനക്കാരുടെ കുറവും, രോഗികളുടെ എണ്ണവും അങ്ങനെ പല കാര്യങ്ങളും ഒരേ സമയം വരുമ്പോൾ കൈകാര്യം ചെയ്യാനാകാതെ വരുമ്പോഴാണ് പിഴവുകൾ സംഭവിക്കുന്നത്.

ഡോ. അരുൺ പ്രീത്,

സൂപ്രണ്ട്, മെഡി.കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം


' ഒരു ഡോക്ടർക്ക് ഒ.പിയിലെ കാര്യങ്ങൾ മാത്രമല്ല നോക്കാനുള്ളത്. ആശുപത്രിക്കകത്തും പുറത്തും ഒരു പാട് ഉത്തരവാദിത്വങ്ങളുണ്ട്. ജോലി ഭാരം കൂടുന്നത് കൊണ്ടാണ് ഇത്തരം പിഴവുകളുണ്ടാകുന്നത്. അത് പരിഹരിക്കപ്പെടണമെങ്കിൽ ഒരു ദിവസം ഒരു ഡോക്ടർക്ക് എത്ര രോഗികൾ, എത്ര സർജറികൾ തുടങ്ങി ഡോക്ടർ പേഷ്യന്റ് റേഷ്യോ നിർവചിക്കപ്പടണം.

ഡോ.ടി.എൻ സുരേഷ്,

സംസ്ഥാന പ്രസിഡന്റ് കെ.ജി.എം.ഒ.എ

Advertisement
Advertisement