കൊട്ടിയൂരിലേക്ക് 'ഭൂത'ത്തെ പറഞ്ഞയക്കൽ ചടങ്ങ് നടന്നു

Thursday 23 May 2024 12:07 AM IST
തിരുനെല്ലിയിൽ നടത്തിയ 'ഭൂത;ത്തെ പറഞ്ഞയക്കൽ ചടങ്ങ്

തിരുനെല്ലി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് കൊട്ടിയൂരിലേക്ക് 'ഭൂത'ത്തെ പറഞ്ഞയക്കൽ ചടങ്ങ് നടന്നു. പൂജകൾക്ക് മേൽശാന്തി ഇ.എൻ.കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ഗോപിനാഥ്.പി. ഉണ്ണികൃഷ്ണൻ. എം. ഗോപാലകൃഷ്ണൻ, നവനീത് ഹരിദാസ്, എന്നിവരുടെ സഹായത്തോടെയാണ് വിവിധ ചടങ്ങുകൾ നടത്തിയത്. മുമ്പ് കൊട്ടിയൂർ ഉത്സവം നടക്കുന്ന സമയത്ത് തിരുനെല്ലിയിൽനിന്ന് ഭൂതങ്ങൾ കൊട്ടിയൂരിലേക്ക് അരിയെത്തിച്ചെന്നാണ് വിശ്വാസം. അരി കൊണ്ടുപോകുന്നതിനു നിയോഗിക്കപ്പെട്ട ഭൂതഗണങ്ങളിലൊന്ന് ഭാരം കൂടുതലായതിനാൽ അരി വഴിക്ക് കളഞ്ഞു. പൊറുക്കപ്പെടാത്ത തെറ്റിന് തിരുനെല്ലി പെരുമാൾ ഭൂതത്തെ ശപിച്ചു ശിലയാക്കി. അങ്ങനെ കുറവുവന്ന ഭൂതത്തിനുപകരം ഒരു ഭൂതത്തെ തിരുനെല്ലിയിൽനിന്ന് അയച്ചെന്നാണ് വിശ്വാസം. വൈശാഖ മഹോത്സവം സമാപിക്കുന്നതോടെ ഭൂതത്തെ തിരുനെല്ലിയിലേക്കു തിരിച്ചയക്കുന്ന ചടങ്ങ് കൊട്ടിയൂരിൽ നടത്തും.

Advertisement
Advertisement