ജല അതോറിട്ടി എം.ഡി അവധിയിൽ, ഒഴിവാക്കണമെന്ന് കത്ത്

Thursday 23 May 2024 2:12 AM IST

തിരുവനന്തപുരം: ജല അതോറിട്ടി എം.ഡി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിൽ പ്രവേശിച്ചു. തന്നെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തും നൽകി. കുടുംബം കാൺപൂരിലായതിനാൽ അവിടേക്ക് ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിച്ചില്ലെങ്കിൽ അവധിയിൽ തുടരാനാണ് തീരുമാനം. ഒരു വർഷം മുമ്പാണ് ജല അതോറിട്ടി എം.ഡിയായി ചുമതലയേറ്റത്.

സ്ഥാനമേറ്റതിന് പിന്നാലെ പ്രതിദിനം റീഡിംഗ് എടുക്കേണ്ട മീറ്ററുകളുടെ എണ്ണം ഇരട്ടിയാക്കിയത് ഭരണ, പ്രതിപക്ഷ യൂണിയനുകളുമായി ഏറ്റുമുട്ടലിന് ഇടയാക്കിയിരുന്നു. അമിതജോലി ഭാരമാണ് ഇതുണ്ടാക്കുകയെന്ന് യൂണിയനുകൾ പരാതിപ്പെട്ടപ്പോൾ,​ ഭണ്ഡാരി നേരിട്ടിറങ്ങി മൂന്നു മണിക്കൂറിൽ 80 റീഡിംഗ് എടുത്ത് കാണിച്ചുകൊടുത്തു. ഇക്കാര്യമടക്കം നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

എല്ലാവരും നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും ജല അതോറിട്ടിയിൽ പ്രവർ‌ത്തിക്കാനായത് നല്ല അനുഭവമായിരുന്നുവെന്നും വാട്സാപ്പ് സന്ദേശത്തിൽ ഭണ്ഡാരി പറഞ്ഞു. എല്ലാവർക്കും നല്ലത് വരട്ടെയെന്നും ആശംസിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ഭണ്ഡാരി 2010 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

ജോയിന്റ് എം.ഡിയും

അവധിയിലേക്ക്

എം.ഡിയുടെ അഭാവത്തിൽ ചുമതല വഹിക്കേണ്ട ജോയിന്റ് എം.ഡി ദിനേശൻ ചെറുവാത്തും അവധിയിൽ പ്രവേശിക്കുന്നു. ജൂൺ 3 മുതലാണ് അവധി. ഇതോടെ ജല അതോറിട്ടിക്ക് നാഥനില്ലാത്ത അവസ്ഥയാകും. എത്രയും വേഗം പകരം എം.ഡിയെ നിയമിക്കണമെന്ന് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)​ ആവശ്യപ്പെട്ടു.

Advertisement
Advertisement