കടുവ മുതൽ കരടി വരെ പേടിച്ചരണ്ട് മണ്ണീറ

Wednesday 22 May 2024 11:15 PM IST

കോന്നി: വന്യമൃഗങ്ങളെ ഭയന്ന് കഴിയുകയാണ് മണ്ണീറക്കാർ. വനത്താൽ ചുറ്റപ്പെട്ട തണ്ണിത്തോട് പഞ്ചായത്തിലെ ഉൾപ്രദേശമാണിത് . കാട്ടാനൾ, പുലി , കടുവ, കരടി, കാട്ടുപോത്തുകൾ, കാട്ടുപന്നികൾ ഇവയെല്ലാമുണ്ട്. ഒരാഴ്ച മുമ്പ് വനത്തിൽ മ്ലാവിനെ കടുവ കൊന്നിട്ടിരുന്നു. പകൽ നേരത്തുപോലും പുറത്തിറങ്ങാൻ നാട്ടുകാർ മടിക്കുന്നു.

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റേഞ്ചിലാണ് പ്രദേശം . കാട്ടാനശല്യം സ്ഥിരമാണ്. കാർഷികവിളകൾക്ക് പുറമേ വീടുകൾ തകർത്ത സംഭവവുമുണ്ട്.നേരത്തെ കരടിയുടെ ആക്രമണവും ഉണ്ടായിട്ടുണ്ട്.അടവിയിലേക്കും മണ്ണിറ വെള്ളച്ചാട്ടത്തിലേക്കും പോകുന്ന റോഡിന്റെ ഒരു കിലോമീറ്റർ ഭാഗം വനം വകുപ്പ് റോഡും ബാക്കിഭാഗം പഞ്ചായത്ത് റോഡുമാണ്. വിനോദ സഞ്ചാര മേഖലയാണെങ്കിലും വികസനമോ അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. നിരവധി വിനോദയാത്രക്കാർ സഞ്ചരിക്കുന്ന റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് അപകടഭീഷിണിയിലാണ്. റോഡിന്റെ ഒരുവശത്തെ കൊക്കയിൽ കാട് വളർന്നു നിൽക്കുന്നു. ഇതുമൂലം വാഹനയാത്രക്കാർക്ക് കൊക്ക കാണാൻ കഴിയില്ല.അടവി കുട്ടവഞ്ചി സവാരിക്ക് വരുന്നവർ മണ്ണിറ വെള്ളച്ചാട്ടത്തിലും എത്താറുണ്ട്. വൈദ്യുതി ബന്ധം നിലച്ചാൽ മൊബൈൽ ഫോൺ നെറ്റ്‌വർക്ക് തകരാറിലാകും. തലമാനത്തെ ബി എസ് എൻ എൽ ടവറിൽ വൈദ്യുതി പോയാൽ പകരം പ്രവർത്തിപ്പിക്കാൻ ബാറ്ററിയില്ല, ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ആളുമില്ല.

പ്രയോജനമില്ലാതെ സോളാർവേലികൾ

വനം വകുപ്പിന്റെ സോളാർ വേലികൾ ഫലപ്രദമല്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇവയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ പുതിയ വേലികൾ സ്ഥാപിക്കുന്നതിനോ വനംവകുപ്പ് ശ്രമം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ജനവാസമേഖലയ്ക്ക് ചുറ്റും ആറര കിലോമീറ്റർ ചുറ്റളവിൽ പുതിയ ഹാങ്ങിങ് സോളാർ വേലികൾ സ്ഥാപിക്കാൻ വനം വകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

@ വന്യമൃഗശല്യം മൂലം ആളുകൾ താമസം മാറുന്നു

@ 1948 മുതലാണ് മണ്ണിറയിൽ കുടിയേറ്റം ആരംഭിച്ചത്.

@ 450 കുടുംബങ്ങൾ നേരത്തെ ഉണ്ടായിരുന്നു

@ 350 കുടുംബങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്.

-------------
"തണ്ണിത്തോട് പഞ്ചായത്തിലെ വനത്താൽ ചുറ്റപ്പെട്ട ഒറ്റപ്പെട്ട പ്രദേശമായ മണ്ണിറയിൽ വന്യമൃഗശല്യം പഴയതിനേക്കാൾ കൂടുതലാണ്

വിൽ‌സൺ ജോയി ( പ്രദേശവാസി )

Advertisement
Advertisement