കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വെള്ളക്കെട്ട് ദുരിതമാകുന്നു

Wednesday 22 May 2024 11:21 PM IST

പത്തനംതിട്ട : മഴ ശക്തമായതോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോക്കിന് മുമ്പിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ദുരിതമായി. കെട്ടിടത്തിന്റെയും സമീപത്തെ നടപ്പാതയുടെ മേൽക്കൂരയിൽ നിന്നും ഒഴുകി ഇറങ്ങുന്ന മഴവെള്ളം പോകാനായി സ്ഥാപിച്ചിരിക്കുന്ന പാത്തി കവിയുന്നതാണ് വെള്ളക്കെട്ടിന് കാരണം. ആശുപത്രിയിലെത്തുന്നവർ വെള്ളത്തിൽ ചവിട്ടിയാണ് നടന്നുപോകുന്നത്. കാഷ്വാലിറ്റിയുടെ മുമ്പിലെ മേൽക്കൂരയും പൊളിഞ്ഞ നിലയിലാണ്. മഴവെള്ളം തറയിൽ പാകിയിരിക്കുന്ന ഇന്റർ ലോക്കിലേക്കാണ് വീഴുന്നത്. ഇവിടെ തെന്നി വീഴാനും സാദ്ധ്യതയുണ്ട്. കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്നതിനാൽ പരിമിതമായ സൗകര്യങ്ങളിലാണ് ആശുപത്രി പ്രവർത്തനം.

1200 രോഗികൾ എത്തുന്ന ആശുപത്രി

ദിവസവും ശരാശരി 1200 രോഗികൾ എത്തുന്ന ആശുപത്രിയാണിത്. മുമ്പ് വാർഡായിരുന്ന എ ബ്ലോക്കിലാണ് ഇപ്പോൾ കാഷ്വാലിറ്റിയും ലാബും ഇ.സി.സി.ജി യൂണിറ്റും പ്രവർത്തിക്കുന്നത്. ഇവിടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.

30.25 കോടിയുടെ നവീകരണം

30.25 കോടി രൂപ ചെലവിൽ 5858 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ ഒ.പി ഡയഗ്‌നോസ്റ്റിക് ബ്ലോക്ക് നിർമ്മിക്കുന്നത്.

പുതിയ കെട്ടിടം പണി നടക്കുന്നതിനിന്റെ ബുദ്ധിമുട്ടുണ്ട്. മഴക്കാലമായതിനാൽ കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തും.

ജില്ലാ ആശുപത്രി അധികൃതർ

Advertisement
Advertisement