നാലുവർഷ ബിരുദം: പഠനം രാജ്യത്ത് എവിടേക്കും മാറ്റാം

Thursday 23 May 2024 1:21 AM IST

തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സിനിടെ രാജ്യത്തെ ഏത് സർവകലാശാലയിലേക്കോ കോളേജിലേക്കോ പഠനം മാറ്റാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാവും. രണ്ട്, മൂന്ന്, നാല് വർഷങ്ങളുടെ തുടക്കത്തിലാവും മാറാനാവുക. പരമാവധി രണ്ടു തവണ മാറ്റം അനുവദിക്കും. രണ്ട് തരത്തിലാണ് മാറ്റം. ദേശീയതലത്തിലെ അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റിൽ അക്കൗണ്ടുളള സ്ഥാപനങ്ങൾ തമ്മിൽ വിദ്യാർത്ഥി കൈമാറ്റത്തിന് വ്യവസ്ഥയുണ്ട്. ദേശീയതലത്തിൽ കോളേജുകളും വാഴ്സിറ്റികളും ധാരണയിലെത്തുകയാണ് രണ്ടാമത്തേത്. കേരളത്തിലെ എല്ലാ സർവകലാശാലകളും അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റിൽ അക്കൗണ്ടെടുത്തു. ഇതിലുളള എല്ലാ വാഴ്സിറ്റികളും വിദ്യാർത്ഥികളുടെ ക്രെഡിറ്രുകൾ പരസ്പരം അംഗീകരിക്കും. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും ക്രെഡിറ്റ് ട്രാൻസ്ഫറിന് അംഗീകാരം നൽകും. ഇതിനായി എല്ലായിടത്തും 10ശതമാനം സീറ്റുകൾ അധികമായി സൃഷ്ടിക്കും. മൂന്നു വർഷ പഠനത്തിനു ശേഷം നാലാംവർഷം ഓണേഴ്സ് നേടാനുളള ഗവേഷണത്തിനു മാത്രമായും മാറ്റം അനുവദിക്കും. പ്രവേശന സമയത്ത് വിദ്യാർത്ഥികൾക്ക് 12അക്കങ്ങളുളള അപാർ ഐ.ഡി നൽകും. ഇതും ദേശീയതലത്തിലുളള അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റുമായി ബന്ധിപ്പിക്കും. കേരളത്തിൽ കുസാറ്റിൽ ക്രെഡിറ്റ് ട്രാൻസ്ഫറുണ്ട്. സയൻസിന് 15ഉം ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 20ഉം സീറ്റുകളാണുളളത്.

ദേശീയതലത്തിൽ

എപ്പോഴും ചേരാം

ഒന്നാംവർഷം പൂർത്തിയാക്കുമ്പോൾ മുതൽ പഠനം നിറുത്താവുന്ന 'മൾട്ടിപ്പിൾ എക്സിറ്റ്-എൻട്രി' സമ്പ്രദായം മറ്റ് സംസ്ഥാനങ്ങളിലുണ്ട്. രണ്ടാംവർഷം മുതൽ അവിടങ്ങളിൽ മാറിവരുന്നവർക്ക് പ്രവേശനം നൽകാം.

ഒരുവർഷം പഠിച്ചശേഷം നിറുത്തിപ്പോയാൽ കോഴ്സ് സർട്ടിഫിക്കറ്റും, രണ്ടു വർഷം പൂർത്തിയാക്കിയാൽ ഡിപ്ലോമയും മൂന്നാംവർഷം ബാച്ചിലർ ബിരുദവും നാലുവർഷം പൂർത്തിയാക്കിയാൽ ഓണേഴ്സ് ബിരുദവും.

കേരളത്തിൽ മൂന്നാം വർഷം ബിരുദം നേടി ഒറ്റ എക്സിറ്റ് മാത്രമേ അനുവദിക്കൂ. നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി ലഭിക്കും. ഓണേഴ്സുണ്ടെങ്കിൽ പി.ജിയില്ലാതെ ഗവേഷണത്തിനും നെറ്റിനും അപേക്ഷിക്കാനാവും.

പഠിച്ചുമടുത്താൽ

ബ്രേക്കെടുക്കാം

നാലുവർഷ ബിരുദം പൂർത്തിയാക്കാനുള്ള പരമാവധി കാലാവധി 7വർഷമാണ്. ഇതിനിടയിൽ ഒരുതവണ ബ്രേക്കിന് അവസരമുണ്ട്. അവധിയെടുത്താൽ 3വർഷത്തിനകം തിരികെവന്ന് അതേ കോളേജിലോ മറ്റെവിടെയെങ്കിലുമോ കോഴ്സ് പൂർത്തിയാക്കേണ്ടിവരും. ഓണേഴ്സ് നേടുന്നവർക്ക് ഒരു വർഷം കൊണ്ട് ബിരുദാനന്തര ബിരുദം നേടാം

നാലുവർഷ കോഴ്സിന്റെ വിവരങ്ങൾ https://admissions.keralauniversity.ac.in/fyugpHome.php

വെബ്സൈറ്റിൽ കേരള വാഴ്സിറ്റി പ്രസിദ്ധീകരിച്ചു. വാഴ്സിറ്റി പഠനവകുപ്പുകളിലെ 16 മേജർ, 51 മൈനർ വിഷയങ്ങൾ, കോളേജുകളിലെ 63മേജർ, 200ലേറെ മൈനർ വിഷയങ്ങളുടെ വിവരങ്ങളും സിലബസുമടക്കം വെബ്സൈറ്റിലുണ്ട്.

''വിദ്യാർത്ഥികൾക്ക് അഭിരുചിക്കനുസരിച്ച് വ്യത്യസ്തമായ വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കാൻ സ്വാതന്ത്ര്യമുണ്ടാവും. എട്ടാംസെമസ്റ്റർ പൂർണമായി പ്രോജക്ടും ഇന്റേൺഷിപ്പുമാണ്.''

ഡോ.കെ.എസ്.അനിൽകുമാർ

രജിസ്ട്രാർ, കേരള വാഴ്സിറ്റി

Advertisement
Advertisement