ഡാ മോനേ, ഈ സാലാ കപ്പ് നഹീ, ആര്‍സിബിയെ പറഞ്ഞ് വിട്ട് സഞ്ജു 'അണ്ണനും' സംഘവും

Wednesday 22 May 2024 11:28 PM IST

അഹമ്മദാബാദ്: ഒരു ഐപിഎല്‍ കിരീടത്തിനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആരാധകരുടെ കാത്തിരിപ്പ് 18ാം വര്‍ഷത്തിലേക്ക് നീളും. എലിമിനേറ്റര്‍ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് ബംഗളൂരുവിന് പുറത്തേക്കുള്ള വഴി കാണിച്ചത്. 173 റണ്‍സ് പിന്തുടര്‍ന്ന് റോയല്‍സ് ഒരു ഓവര്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. 24ന് നടക്കുന്ന ക്വാളിഫയര്‍ രണ്ടില്‍ ഹൈദരാബാദ് ആണ് രാജസ്ഥാന്റെ എതിരാളികള്‍.

സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 172-8 (20), രാജസ്ഥാന്‍ റോയല്‍സ് 174-6 (19)

വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയത്. യശ്വസി ജയ്‌സ്‌വാള്‍ 45(30), ടോം കോഹ്ലര്‍ കാഡ്‌മോര്‍ 20(15) സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. സഞ്ജു സാംസണ്‍ 17(13), റിയാന്‍ പരാഗ് 36(26), ധ്രുവ് ജൂരല്‍ 8(8) ഷിംറോണ്‍ ഹെറ്റ്മയര്‍ 26(14) എന്നിവര്‍ രാജസ്ഥാനെ ജയത്തിന് അരികിലേക്ക് എത്തിച്ചു. എന്നാല്‍ അവസാന രണ്ടോവറില്‍ 4 വിക്കറ്റ് മാത്രം ശേഷിക്കെ 13 റണ്‍സ് വേണമായിരുന്നു രാജസ്ഥാന്. സമ്മര്‍ദ്ദഘട്ടത്തില്‍ റോവ്മാന്‍ പവല്‍ ബംഗളൂരുവിന്റെ മോഹങ്ങള്‍ ബൗണ്ടറി കടത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ദ്ധ സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല. 22 പന്തില്‍ 34 റണ്‍സ് നേടിയ രജത് പാട്ടീദാറാണ് ടോപ് സ്‌കോറര്‍. വിരാട് കോഹ്ലി 33(24), ഫാഫ് ഡുപ്ലെസിസ് 17(14), കാമറൂണ്‍ ഗ്രീന്‍ 27(21), മഹിപാല്‍ ലോംറോര്‍ 32(17) ദിനേശ് കാര്‍ത്തിക് 11(13), റണ്‍സ് വീതം നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്‍ 0(1) ഗോള്‍ഡന്‍ ഡക്കായി. രാജസ്ഥാന് വേണ്ടി അവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.