സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമുക്ത പ്രവർത്തനത്തിന് എക്സൈസ്

Thursday 23 May 2024 1:28 AM IST

തിരുവനന്തപുരം: സ്കൂളുകളും പരിസരവും കേന്ദ്രീകരിച്ച് നടപ്പാക്കേണ്ട ലഹരിമുക്ത പ്രവർത്തനങ്ങൾക്ക് എക്സൈസ് രൂപം നൽകി. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പ്രവർത്തനം തുടങ്ങാനാണ് നിർദ്ദേശം. ഓരോ എക്സൈസ് റേഞ്ച് ഓഫീസിന്റെയും പരിധിക്കുള്ളിൽ വരുന്ന ഹൈസ്കൂൾ/ഹയർസെക്കൻഡറി സ്കൂളുകളുടെ പട്ടിക ജൂൺ ആറിനകം സർക്കിൾ ഓഫീസുകൾക്ക് ലഭ്യമാക്കും. ഈ സ്കൂളുകളുമായി ബന്ധപ്പെട്ട് പ്രത്യേക രജിസ്റ്ററുകൾ സൂക്ഷിക്കും.

അദ്ധ്യാപകർ, രക്ഷിതാക്കൾ,​ വാർഡംഗം, സ്കൂൾ പരിസരത്തെ കച്ചവട സ്ഥാപനങ്ങൾ, ഓട്ടോ/ടാക്സി ഡ്രൈവർമാരുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പി.ടി.എ മീറ്റിംഗുകൾ സംഘടിപ്പിക്കും. സാമൂഹ്യനീതി,​ വിദ്യാഭ്യാസ,​ മോട്ടോർവാഹന വകുപ്പ് പ്രതിനിധികളെയും ഉൾപ്പെടുത്തും.

മേയ് 30ന് മുമ്പ് ലിസ്റ്റിൽ ഉൾപ്പെടുന്ന സ്കൂളുകൾ റേഞ്ച് ഇൻസ്പെക്ടർമാരടക്കം സന്ദർശിക്കണം. വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ വിവരം അറിയിക്കാൻ സംവിധാനമൊരുക്കണം. ഇത്തരം വിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭിച്ചാൽ മാതാപിതാക്കളുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കണം.

വിദ്യാലയ പരിസരങ്ങളും പാതകളും സ്കൂൾ പ്രവേശനോത്സവത്തിന് മുമ്പായി പരിശോധിക്കണം.

ക്ളാസുകൾ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പും ക്ളാസുകൾ അവസാനിച്ച് അരമണിക്കൂറിനുള്ളിലും മഫ്തി,​ ബൈക്ക് പട്രോളിംഗ് ഏർപ്പെടുത്തണം. ജൂണിൽ എല്ലാ അദ്ധ്യായന ദിവസവും അതിനുശേഷം ആഴ്ചയിൽ ഒരിക്കലും പരിശോധന നടത്തണം.

സ്കൂൾ പരിസരത്ത് സ്ഥിരമായി വന്നുപോകുന്ന/കറങ്ങി നടക്കുന്ന യുവാക്കളെ പ്രത്യേകം നിരീക്ഷിക്കണം. സ്കൂൾ സമയത്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ അറിയിക്കണം. സ്കൂളുകളിൽ ലഹരി എത്തുന്ന മാർഗ്ഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ നിരീക്ഷിച്ച് തടയാൻ നടപടി സ്വീകരിക്കണം.

Advertisement
Advertisement