ജി.എസ്.ടി ഒഴിവാക്കും: സ്വകാര്യ നഴ്സിംഗ് പ്രവേശനം; മാനേജ്മെന്റുകളുമായി ധാരണ

Thursday 23 May 2024 1:30 AM IST

□പരിശോധനയില്ലാതെ അഫിലിയേഷൻ;സമ്മത പത്രം വേണ്ട

□മാനേജ്മെന്റ് അസോസിയേഷൻ ഏകീകൃത അലോട്ട്മെന്റ് തുടർന്നേക്കും

തിരുവനന്തപുരം : നഴ്സിംഗ് ഫീസുകളിൽ ജി.എസ്.ടി ഒഴിവാക്കാമെന്നും, നഴ്സിംഗ് കോളേജുകൾക്ക് നഴ്സിംഗ് കൗൺസിലിന്റെ പരിശോധനയില്ലാതെ അഫിലിയേഷൻ നൽകാമെന്നും ഉറപ്പ് നൽകിയതോടെ മന്ത്രി വീണാ ജോർജും, സ്വകാര്യ നഴ്സിംഗ് കോളേജ് മാനേജ്മെന്റുകളും തമ്മിൽ നടത്തിയ ചർച്ച സമവായത്തിൽ പിരിഞ്ഞു.

വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് ജി.എസ്.ടി ബാധമാക്കുന്ന കാര്യം മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി ഇളവ് തേടാമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. നഴ്സിംഗ് മെരിറ്റ് സീറ്റിലേക്ക് പ്രവേശനം നടത്തുന്ന സർക്കാർ ഏജൻസിയായ എൽ.ബി.എസിന് ജി.എസ്.ടി ബാധകമല്ലെന്ന കാര്യവും മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടി. 2017മുതലുള്ള ജി.എസ്.ടി അടയ്ക്കാമെന്ന് മാനേജ്മെന്റുകൾ 200രൂപ മുദ്രപത്രത്തിൽ സമ്മതപത്രം നൽകണമെന്ന ആരോഗ്യ സർവകലാശലയുടെ ആവശ്യം ഒഴിവാക്കാനും ധാരണയായി. സമ്മപത്രം നൽകാത്തതിനാൽ പരിശോധന പൂർത്തിയായെങ്കിലും കോളേജുകളുടെ അഫിലിയേഷൻ പുതുക്കി നൽകിയിരുന്നില്ല.

ഇതോടെ, മുൻവർഷത്തിന് സമാനമായി മെരിറ്റ് അടിസ്ഥാനത്തിൽ ഏകീകൃത അലോട്ട്മെന്റ് നടത്താനുള്ള നീക്കത്തിലാണ് മാനേജ്മെന്റുകൾ. 28ന് പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ യോഗം ചേർന്ന് തീരുമാനമെടുക്കും. ഏകീകൃത അലോട്ട്മെന്റ് അവസാനിച്ചാൽ 1000 രൂപ ഫീസടച്ച് 10 കോളേജുകളിൽ അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകും.ഒറ്റയ്ക്ക് പ്രവേശനം നടത്തിയാൽ ഓരോ കോളേജുകളും 1000രൂപ ഫീസ് ഈടാക്കുന്ന സ്ഥിതിയാകും. തലവരിയുൾപ്പെടെ വ്യാപകമാകുമെന്ന ആക്ഷേപവും ഉയർന്നിരുന്നു.

പരിശോധന വേണമെന്ന്

നഴ്സിംഗ് കൗൺസിൽ

നഴ്സിംഗ് കൗൺസിൽ അംഗങ്ങൾ കോളേജുകളിൽ പരിശോധനയ്ക്ക് പോകുന്നത് നിയമവിരുദ്ധമെന്ന നിലപാടിൽ ഉറച്ച് മന്ത്രി വീണാ ജോർജ്. താത്കാലികമായി നിറുത്തിവച്ച പരിശോധന ഈ വർഷം നടത്തേണ്ടതില്ലെന്നും, 24ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ പരിശോധനയില്ലാതെ എല്ലാ കോളേജുകൾക്കും അഫിലിയേഷൻ പുതുക്കി നൽകാനുള്ള തീരുമാനമെടുക്കാനും കൗൺസിൽ രജിസ്ട്രാറെ ചുമതലപ്പെടുത്തി.

എന്നാൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി പരിശോധനയില്ലാതെ അഫിലിയേഷൻ പുതുക്കാനാകില്ലെന്നാണ് കൗൺസിൽ അംഗങ്ങളുടെ നിലപാട്. ഇതോടെ, വിഷയത്തിൽ മന്ത്രിയും കൗൺസിലും വീണ്ടും

ഏറ്റുമുട്ടുന്ന സഥിതിയായി.

Advertisement
Advertisement